Dont drink & Drive

Dont drink & Drive

Sunday, January 28, 2007

ആരും നോക്കുന്നില്ല, ഒന്നു മോഷ്ടിച്ചാലോ ?

ഇങ്ങനെ വിചാരിക്കുന്നവര്‍ നമ്മളുടെ ഇടയില്‍ വളരെക്കുറവായിരിക്കും എന്നു നമുക്കു കരുതാം (അല്ലെങ്കില്‍ ഇപ്പോഴുള്ളതിന്റെ പത്തിരട്ടി മോഷണങ്ങള്‍ നാം പത്രത്തില്‍ വായിച്ചേനേ). "ഇവിടെ മോഷണം പാടില്ല" എന്നെഴുതിവക്കേണ്ടി വരാറില്ല എന്നാണ്‌ എന്റെ വിശ്വാസം.പക്ഷേ റോഡിലോട്ടൊന്ന് നോക്കിയാല്‍ നമ്മള്‍ അന്തം വിട്ടുപോകും. കാരണം --

(1)വലത്തോട്ട്‌ തിരിയാന്‍ പാടില്ല എന്നെഴുതി വച്ചിരിക്കുന്നിടത്ത്‌ കൂടിത്തന്നെ തിരിയുന്നവര്‍.

(2) വണ്‍വേ അല്ലെങ്കില്‍ പ്രവേശനം ഇല്ല (No Entry) എന്നെഴുതിയിരിക്കുന്നിടത്ത്‌ ഒരു കൂസലും ഇല്ലാതെ കയറിപ്പ്പ്പോകുന്നവര്‍.

(3)No Parking എന്ന ബോര്‍ഡിന്റെ അടിയില്‍ത്തന്നെ പാര്‍ക്ക്‌ ചെയ്യുന്നവര്‍

(4)ഗതാഗതം നിയന്ത്രിക്കാന്‍ റോഡിന്റെ നടുവില്‍ വച്ചിരിക്കുന്ന ചുവന്ന കോണുകളുടെ ഇടയില്‍ക്കൂടി റോഡിന്റെ മറുവശം കടക്കുന്നവര്‍.(കന്നുകാലികള്‍ പോലും ഇതിനിടയില്‍ക്കൂടി പോകാറില്ല)

(5)റോഡിന്റെ നടുവിലുള്ള ഐലന്റിനെ ചുറ്റിപ്പോകാനുള്ള സമാധാനം ഇല്ലാതെ വലത്തുവശത്തുകൂടി പോകുന്നവര്‍.

ഇവരോട്‌ എന്തിനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌ എന്നു ചോദിച്ചാല്‍ ഉത്തരം ഇതാണ്‌ - "എത്രയോ പേര്‍ ഇതു പോലെ ചെയ്യുന്നു, പിന്നെന്താ? "

-- ഒരുത്തന്‍ മോഷ്ടിച്ചെന്നു വച്ച്‌ നമ്മളും മോഷ്ടിച്ചു തുടങ്ങുമോ സഹോദരാ ? അത്രക്കേ ഉള്ളോ നമ്മുടെ സത്യസന്ധത ? നിയമലംഘനം എപ്പോഴും നിയമലംഘനം തന്നെ- അഞ്ചു രൂപയാണോ അഞ്ഞൂറു രൂപായാണോ മോഷ്ടിച്ചതെന്നുള്ള വ്യത്യാസം ഉണ്ടോ ?

Thursday, January 25, 2007

റോഡ്‌ അപകടങ്ങള്‍ എപ്പോഴും മറ്റുള്ളവര്‍ക്കേ പറ്റാറുള്ളു .

ഇതാണെന്നു തോന്നും മിക്കവാറും മലയാളികളുടെയും ചിന്ത.നമുക്കോ നമ്മുടെ വേണ്ടപ്പെട്ടവര്‍ക്ക്ക്കോ അപകടം പറ്റുന്നതു വരെ നാം ഇതില്‍ ശ്രദ്ധി ക്കാറേ ഇല്ല എന്നുള്ളതാണ്‌ സത്യം.

ബസില്‍ കേറിയിരുന്ന് സ്പീഡില്‍ പോകുന്ന ഡ്രൈവറിനെ നോക്കി "എന്തൊരു മിടുക്കന്‍ " എന്നു പറയുന്ന ആള്‍ക്കാര്‍ തന്നെ എന്തെങ്കിലും അപകടം സംഭവിച്ചു കഴിഞ്ഞാല്‍ ഇതെ ഡ്രൈവറിന്റെ സ്പീഡിനെ കുറ്റം പറയും.വാഹനത്തില്‍ പോകുമ്പോള്‍ കാല്‍നടക്കാര്‍ എല്ലാം ക്രിമികള്‍ ആണെന്നു ചിന്തിച്ച്‌ വണ്ടി ഓടിക്കുന്നവന്‍ നടക്കേണ്ടി വരുമ്പൊള്‍ വണ്ടിക്കാരെ കുറ്റം പറയുന്നു.റോഡ്‌ ക്രൊസ്‌ ചെയ്യുന്നവരുടെ ഇടയില്‍ക്കൂടി ബൈക്കില്‍ ചീറിപ്പായുന്നവന്‍ ,തന്നത്താനെ നടക്കേണ്ടി വരുമ്പോള്‍ മറ്റു വാഹനങ്ങളെ മുഴുവന്‍ കുറ്റം പറയുന്നു.ഞാന്‍ കൂവിയില്ലെങ്കില്‍ സൂര്യന്‍ ഉദിക്കില്ല എന്നു പണ്ട്‌ പൂവന്‍ കോഴി പറഞ്ഞതു പോലെ "ഞാന്‍ ഇല്ലെങ്കില്‍ ഒന്നും നടക്കില്ല എന്ന ഭാവം കാരണം റോഡില്‍ സകല നിയമങ്ങളെയും തെറ്റിക്കുന്ന ഒരു കൂട്ടം ജനം നമ്മുടെ ഇടയില്‍ ഉണ്ട്‌.

Sunday, January 21, 2007

വാഹന അപകടത്തില്‍ ആറു മരണം

ഇന്നലെയും വാഹന അപകടത്തില്‍ ആറു മരണം - സമയം പൊയ്ക്കോണ്ടിരിക്കുന്നു - ഉണര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങൂ ഇല്ലെങ്കില്‍ ഒരു ദിവസം ഉണര്‍ന്നില്ല എന്നിരിക്കും.

Friday, January 19, 2007

നന്ദി ആരോടു നാം ചൊല്ലേണ്ടൂ ?

ഓരോ ദിവസവും നമ്മുടെ കേരളത്തില്‍ ഏതാണ്ട്‌ 10 പേര്‍ അപകടങ്ങളില്‍ മരിക്കുന്നുണ്ട്‌- ഒരു വര്‍ഷം 3650 പേര്‍ ! 2001 മുതല്‍ ഭാരതം ലോകത്തിലെ ഏറ്റവും കൂടുതല്‍ അപകടമരണങ്ങള്‍ നടക്കുന്ന രാജ്യം എന്ന "ബഹുമതി" മറ്റൊരു രാജ്യത്തിനും വിട്ടുകൊടുക്കാതെ മുന്നിട്ടു നില്‍ക്കുകയാണ്‌. ഇതിനു വേണ്ടി നിത്യവും പരിശ്രമിച്ച്‌ ജീവന്‍ വെടിയുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്‌. അവരില്‍ ആര്‍ക്കാണ്‌ നന്ദി പറയേണ്ടതെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.

(1)തന്നെ തിരിഞ്ഞു നോക്കാത്ത "പ്രേമഭാജനത്തിന്റെ" കണ്ണില്‍ പെടാന്‍ വേണ്ടി ഇരുചക്ര വാഹനത്തില്‍ മരണക്കളി കളിക്കുന്ന അവശകാമുകനോടോ ?

(2) ട്രാഫിക്‌ സിഗ്നല്‍ ചുവപ്പ്‌ ആയിക്കഴിഞ്ഞാലും "ഇതെനിക്കു പുല്ലാണ്‌" എന്ന മട്ടില്‍ വാഹനം ഓടിച്ചു പോകുന്ന മിടുക്കന്മാരോടോ ?

(3)One Way ,എന്നോ No Entry എന്നോ ഉള്ള ബോര്‍ഡ്‌ കണ്ടില്ലെന്ന മട്ടില്‍ കടന്നു പോകുന്ന വിവരദോഷികളോടോ ?

(4)തന്റെ കണ്‍മുന്‍പില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ പറ്റാതെ ഒരു നോക്കുകുത്തിയെപ്പോലെ നില്‍ക്കേണ്ടിവരുന്ന പോലീസുകാരോടോ ?

(5)നഗരത്തില്‍ സ്പീഡ്‌ 40ല്‍ കൂടാന്‍ പാടില്ല എന്നറിയാമെങ്കിലും "ആരു ചോദിക്കാന്‍" എന്ന മട്ടില്‍ ചീറിപ്പാഞ്ഞു പോകുന്ന യുവകോമാളികളോടോ ?

(6)ഏങ്ങനെയും മുന്നിലെ വണ്ടിയെ ഓവര്‍ടേക്ക്‌ ചെയ്യുക എന്ന ഒരൊറ്റ ലക്ഷ്യവുമായി അപകടകരമായ രീതിയില്‍ ഇടതുവശത്തുകൂടെയും വലത്തുവശതുകൂടെയും മുന്നില്‍ കേറാന്‍ ശ്രമിക്കുന്ന വായില്‍നോക്കികളോടോ ?

(7)സാരിയോ ചുരിദാറിന്റെ ഷാളോ ചുറ്റി ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച്‌ അറിയാമെങ്കിലും,"എനിയ്ക്കങ്ങനെ സംഭവിക്കില്ല" എന്ന ഉത്തമ വിശ്വാസത്തോടെ പാറിപ്പറക്കുന്ന ഷാളോടെ പാഞ്ഞുപോകുന്ന സഹോദരികളോടോ ?

(8)വണ്ടിയുടെ മുകളിലെ കറങ്ങുന്ന ചുവപ്പ്പ്പോ നീലയോ ലൈറ്റിന്റെ ബലത്തില്‍ നിയമങ്ങളെ കാറ്റില്‍ പറത്തുന്ന "വീരന്മാരോടോ" ?

(9)സ്വന്തം വീട്ടുമുറ്റത്ത്‌ നടക്കുന്ന ലാഘവത്തോടെ കൈയും വീശി നടുറോദില്‍ ഉലാത്തുന്ന നാട്ടുകാരോടോ ?

(10)ബസിന്റെയോ ലോറിയുടെയോ ഗവണ്‍മന്റ്‌ വണ്ടിയുടെയോ വളയം പിടിചു കഴിഞ്ഞാല്‍ ബാക്കി എല്ലാരും പുഴുക്കള്‍ എന്ന മട്ടില്‍ ഓടിക്കുന്ന "രാജാക്കന്മാരോടോ"?

(11)വലത്തോട്ടു തിരിയാനായി സിഗ്നല്‍ ഇട്ടാല്‍ ഉടന്‍ അതിന്റെ വലത്തുകൂടിയും, ഇടത്തോട്ട്‌ സിഗ്നലിട്ടാല്‍ ഇടതുവശത്തുകൂടിയും തന്നെ ഓവര്‍ടേക്‌ ചെയ്യാന്‍ ശ്രമിക്കുന്ന "അഭ്യസ്തവിദ്യരോടോ?

(12)‍മുന്‍പിലത്തെ വാഹനവുമായി തൊട്ടൂ തൊട്ടില്ല എന്ന മട്ടില്‍ യാത്ര ചെയ്യുന്ന "ധൈര്യശാലികളോടോ" ?

അതോ ഇതൊക്കെ സംഭവിച്ചിട്ടും "എനിക്കിതിലെന്തു കാര്യം" എന്ന മട്ടില്‍ നടന്നു നീങ്ങുന്ന,ഞാനും നിങ്ങളും അടങ്ങുന്ന , പ്രതികരണ ശേഷി നഷ്ടപ്പെട്ട ,ഈ സമൂഹത്തിനോടോ ??

പറയൂ, നന്ദി ആരോടു നാം ചൊല്ലേണ്ടൂ ???

Thursday, January 18, 2007

റോഡപകടങ്ങളുടെ സാധാരണ കാരണങ്ങള്‍

ഇത്‌ മിക്കവാറും എല്ലാവര്‍ക്കും നന്നായി അറിയവുന്നതാണ്‌ എങ്കിലും ഒന്നുകൂടി വിശദമാക്കട്ടെ. കണ്ടു തഴമ്പിച്ചതുകൊണ്ട്‌ നമ്മളില്‍ പലരും ഇതൊന്നും ശ്രദ്ധിക്കാറു തന്നെയില്ല. നിയമങ്ങള്‍ മണ്ടന്മാര്‍ക്കു വേണ്ടിയുള്ളതാണെന്ന വിചാരം ആണ്‌ ഇതില്‍ ഏറ്റവും പ്രധാനം.

(1) ട്രാഫിക്‌ സിഗ്നല്‍ ചുവപ്പ്‌ ആയി മാറിയാല്‍ ഉടന്‍ കാണാം നിര്‍ത്താതെ ഓടിച്ചു പോകുന്ന ചില മഹാന്മാരെ. "എനിക്കു സമയമില്ല" "ഞാന്‍ ആരാണെന്ന് അറിയാമോ" "വല്ലപ്പോഴും നിര്‍ത്താതെ പോയാലും കുഴപ്പമില്ല" തുടങ്ങി നൂറുകണക്കിന്‌ ന്യായങ്ങള്‍ ഇവന്മാര്‍ക്ക്‌ പറയാനും കാണും. മിക്കവാറും എല്ലാ ട്രാഫിക്‌ സിഗ്നലുകളും ഏതാണ്ട്‌ 20 മുതല്‍ 40 സെക്കന്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്നവയാണ്‌. ഇത്ര കുറച്ച്‌ സമയം ലാഭിച്ചതു കൊണ്ട്‌ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്തു തീര്‍ക്കാന്‍ പറ്റുമോ എന്ന് എനിക്ക്‌ സംശയമാണ്‌. പക്ഷെ ഒരു മാരകമായ അപകടം നടക്കാന്‍ ഇത്രയും സമയം ധാരാളം മതി എന്നുള്ളതാണ്‌ സത്യം.

(2)വണ്‍വേ എന്നോ നോ എന്റ്രി (പ്രവേശനം ഇല്ല)എന്നോ ഉള്ള ബോര്‍ഡുകള്‍ കണ്ട ഭാവം വയ്ക്കാതെ സാകൂതം കടന്നു പോകുന്ന ചിലരുണ്ട്‌. "ഞാനിതിനൊക്കെ അതീതന്‍" എന്ന മട്ടില്‍ കടന്നു പോകുമ്പോള്‍ എതിരേ വരുന്നവര്‍ക്ക്‌ ഇവര്‍ കാരണം ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ച്‌ ഇവരുടെ തലയില്‍ എന്തെങ്കിലും ചിന്തയുണ്ടോ എന്നു നമുക്ക്‌ സംശയം തോന്നും.

(3)സ്പീഡ്‌ ലിമിറ്റ്‌ - ഇതു പേടിത്തൂറികള്‍ക്ക്‌ വേണ്ടിയുള്ള നിയമം ആണെന്നു വിശ്വസിക്കുന്ന ധാരാളം പേരുണ്ട്‌. ആണത്തമുള്ള (പെണ്ണത്തമുള്ള എന്നൊരു വാക്കില്ല എന്നു തോന്നുന്നു !)"ധൈര്യശാലി" കളാരും തന്നെ പതുക്കെ ഓടിക്കുകയില്ല എന്നാണ്‌ ഇവരുടെ വാദം. നമ്മുടെ നാട്ടിലെ പല റോഡുകളിലും 40 പോയിട്ട്‌ 20ല്‍ പോലും പോകാന്‍ പറ്റുകില്ല എന്നുള്ള സത്യം മറന്നു കൊണ്ട്‌ ഇവര്‍ ചവിട്ടി വിടുന്നു. ഭാഗ്യം കൊണ്ട്‌ പലപ്രാവശ്യം മരണത്തില്‍ നിന്ന് രക്ഷപെടുന്നതോടു കൂടി "ഞാന്‍ ഒരു എക്സ്പെര്‍ട്‌" (മിടുക്കന്‍) ആണെന്ന് സ്വയം തീരുമാനിക്കുന്നു. ഒരു സുപ്രഭാതത്തില്‍ ഭാഗ്യം തീരുന്നു; ഇവര്‍ മരിക്കുന്നു; അടുത്ത ദിവസത്തെ പത്രത്തില്‍ ചിരിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെടുന്നു.

(4)റോഡില്‍ക്കൂടി "ഉലാത്തുന്നവര്‍" - ഫൂട്‌പാത്ത്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവര്‍ വീട്ടുമുറ്റത്ത്‌ നടക്കുന്നത്‌ പോലെയാണ്‌ റോഡില്‍ നടക്കുന്നത്‌. വലത്തു വശത്ത്‌ കൂടിയാണ്‌ നടക്കെണ്ടതെന്ന കാര്യം പോലും മറന്ന് രണ്ട്‌ കൈയും വീശി സൊറ പറഞ്ഞ്‌ ഇവര്‍ റോഡ്‌ കൈയ്യേറുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ട്‌ ചില്ലറയല്ല. ഇവരെ ഇടിയ്ക്കാതിരിയ്ക്കാന്‍ വണ്ടി വെട്ടിത്തിരിച്ച്‌ മറിഞ്ഞുവീഴുന്ന ഹതഭാഗ്യരെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട്‌ ("കണ്ണ് കണ്ടൂടെ" എന്നും ചോദിച്ച്‌) ഇവര്‍ മുന്നേറുമ്പോള്‍ "രണ്ട്‌ പെട കൊടുത്ത്‌ ഫൂട്‌പാത്തില്‍ കേറ്റി നടത്താന്‍ ഇവിടാരും ഇല്ലേ "എന്ന് നാം ഉറക്കെ ചോദിച്ചുപോയാല്‍ അത്ഭുതപ്പെടാനില്ല.

സ്പീഡ്‌ ലിമിറ്റ്‌ ആര്‍ക്കു വേണ്ടി ??

എല്ലാ റോഡിലും വാഹനം ഓടിക്കുവാനായി ഒരു പരിമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌ അതാണ്‌ സ്‌പീഡ്‌ ലിമിറ്റ്‌. ഇതിന്റെ ആവശ്യമുണ്ടോ എന്നു നമുക്കു നോക്കാം.

സിറ്റിക്കകത്ത്‌ 40 കിലോമീറ്റര്‍ ഉം ഹൈ വെയ്‌ല്‌ 70 കിലോമീറ്റര്‍ ഉം വേഗത ആണ്‌ നിലവിലുള്ള സ്‌പീഡ്‌ ലിമിറ്റ്‌. പലര്‍ക്കും ഇതു വളരെ കുറഞ്ഞ വേഗത ആയിത്തോന്നറുണ്ട്‌ എങ്കിലും യഥാര്‍ഥത്തില്‍ എത്രയാണ്‌ എന്നറിയാമോ ? 40 ല്‍ പോകുമ്പോള്‍ ഓരോ സെക്കന്റിലും 11 മീറ്റര്‍ ആണു സഞ്ചരിക്കുന്നത്‌. ആലോചിച്ചു നോക്കിയാല്‍ ഇത്‌ വിചാരിക്കുന്നതുപോലെ അത്ര നിസ്സാരം അല്ല എന്നു മനസ്സിലാകും. അതുപോലെ 60 കിമി എന്നു പറഞ്ഞാല്‍ അത്‌ ഒരു സെക്കന്റില്‍ 16 മീറ്റര്‍ ആണ്‌.എന്താണിതിന്റെ പ്രശ്നം എന്നല്ലേ ? സാധാരണ നിലയില്‍ ഒരാളിന്‌ വണ്ടി ചവിട്ടി നിര്‍ത്താന്‍ കുറഞ്ഞത്‌ ഒരു സെക്കന്റെങ്കിലും വേണം,കാരണം നമ്മുടെ മുമ്പില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ണുകള്‍ വഴി തലച്ചോറില്‍ എത്തിയതിനു ശേഷം അപകടം ഉണ്ടോ ഇല്ലയോ എന്നു വിലയിരുത്തി ഉണ്ടെങ്കില്‍ ബ്രേക്ക്‌ പിടിക്കൂ എന്നു കാലിലെയോ കൈയിലെയോ മാംസപേശികള്‍ക്ക്‌ തലച്ചോറിന്റെ നിര്‍ദ്ദേശം കിട്ടാനുള്ള സമയം ആണിത്‌.ദൈവം തമ്പുരാന്‍ വിചാരിചാല്‍ പോലും ഇതിന്റെ വേഗത കൂട്ടാന്‍ സാധിക്കുകയില്ല.

ഇതു മാത്രം അല്ല പ്രശ്നം. വാഹനത്തിന്റെ ഭാരവും വേഗതയും അനുസരിച്ച്‌ അതിന്റെ ഊര്‍ജം (മൊമെന്റം) കൂടുന്നു.ബ്രേക്ക്‌ ചവിട്ടിക്കഴിഞ്ഞ്‌ ഒന്നോ രണ്ടോ സെക്കന്റെടുക്കും വണ്ടി നില്‍ക്കാന്‍. സൈക്കിള്‍ നിര്‍ത്താന്‍ വേണ്ടതിനേക്കാള്‍ കൂടുതല്‍ ദൂരം വേണം സ്കൂട്ടര്‍ നിര്‍ത്താന്‍ എന്നുള്ളത്‌ നമുക്കെല്ലാം അറിയാം. അതിനേക്കാള്‍ പതിന്മടങ്ങ്‌ വേഗത്തില്‍ വരുന്ന കാറോ ബസ്സോ ലോറിയോ പിടിച്ചാലുടന്‍ നില്‍ക്കാത്തതില്‍ ഒട്ടും അത്ഭുതപ്പെടണ്ടതില്ല. പക്ഷേ ഇതു നമ്മളില്‍ പലര്‍ക്കും മനസ്സിലാകാന്‍ താമസ്സിക്കുന്നു. ഫലമോ നിത്യേന ഉണ്ടാകുന്ന അപകട മരണങ്ങളുടെ നീണ്ട ലിസ്റ്റ്‌ !

നമ്മളുടെ സ്‌പീഡ്‌ അനുസരിച്ച്‌,വണ്ടി നില്‍ക്കാന്‍ വേണ്ട ദൂരവും, സമയവും കൂടുന്നു. 40ല്‍ പോകുമ്പോള്‍ (11 മീറ്റര്‍ / സെക്കന്റ്‌)നമ്മുടെ മുമ്പില്‍ ഒരു കുട്ടി എടുത്തു ചാടി എന്നിരിക്കട്ടെ. നമ്മള്‍ വളരെ "ശ്രദ്ധയോടെ" ഓടിക്കുന്നതുകൊണ്ട്‌ (ഹ ഹ ഹ )ഇത്‌ നാം ഉടനെ കാണുകയും ബ്രേക്ക്‌ ചവിട്ടാന്‍ തുടങ്ങുകയും ചെയ്യുന്നു ( ഒരു സെക്കന്റ്‌). വണ്ടിയുടെ ഊര്‍ജം കാരണം അത്‌ നില്‍ക്കുന്നതിനായി ഒരു സെക്കന്റ്‌ എങ്കിലും എടുക്കും എന്നു വയ്ക്കുക. അതായത്‌ ഏതാണ്ട്‌ രണ്ട്‌ സെക്കന്റ്‌ കഴിഞ്ഞേ വണ്ടി നില്‍ക്കാന്‍ പോകുന്നുള്ളൂ. അപ്പോഴേക്കും 22 മീറ്റര്‍ നാം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. കുട്ടി എടുത്തു ചാടിയത്‌ 22 മീറ്ററിന്‌ അകത്താണെങ്കില്‍ (21 മീറ്റര്‍ ആണെങ്കില്‍ പോലും)നാം ഈ കുട്ടിയെ കൊന്നു കഴിഞ്ഞിരിക്കും കാരണം നാം പോയി ഇടിക്കുന്നതിന്റെ ആഘാതം വണ്ടിയുടെ ഭാരത്തിനെ ഒരു സെക്കന്റിലെ സ്പീഡ്‌ കൊണ്ട്‌ ഗുണിക്കുമ്പോള്‍ കിട്ടുന്നത്രയും വലുതാണ്‌ ( കാറിന്റെ ഭാരം 1000 കിലോ ആണെങ്കില്‍, 11 മീറ്റര്‍ ഗുണം 1000 =11000 ന്യുട്ടണ്‍ ആണ്‌ ആ കുട്ടിയുടെ മേല്‍ വരുന്ന ആഘാതം).പിന്നെങ്ങനെ ജീവിച്ചിരിക്കും?

സ്പീഡ്‌ കൂടുന്നത്‌ അനുസരിച്ച്‌ നമുക്ക്‌ ആലോചിക്കാനുള്ള സമയം കുറയുന്നതോടൊപ്പം വണ്ടി നില്‍ക്കാന്‍ വേണ്ട സമയം കൂടുകയും ചെയ്യുന്നതിനാല്‍, അപകട സാധ്യത വളരെയധികം വര്‍ധിക്കുന്നു.

ഓര്‍മ്മിക്കുക -- 40 കിലോമീറ്ററില്‍ താഴെ നടക്കുന്ന അപകടങ്ങളില്‍ 80 ശതമാനം പേരും ജീവനോടെ രക്ഷപ്പെടുമ്പോള്‍ 40നു മുകളില്‍ നടക്കുന്ന അപകടങ്ങളില്‍ 80 ശതമാനം പേരും മരിക്കുന്നു.

അതുപോലെ മുന്‍പില്‍ പോകുന്ന വാഹനത്തിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പോകുന്ന ചിലരുണ്ട്‌- നിര്‍ത്താന്‍ 2 സെക്കന്റ്‌ എങ്കിലും എടുക്കും എന്നുള്ളതു കൊണ്ടാണ്‌ വികസ്വര രാജ്യങ്ങളില്‍ 2 സെക്കന്റ്‌ ഗ്യാപ്‌ എന്ന ആശയം കൊണ്ടുവന്നിരിക്കുന്നത്‌. അതായത്‌ നമ്മള്‍ 2 സെക്കന്റില്‍ സഞ്ചരിക്കാന്‍ സാധ്യത ഉള്ള ദൂരം (40ല്‍ ആണെങ്കില്‍ 11 മീറ്റര്‍, 60 ല്‍ ആണെങ്കില്‍ 16 മീറ്റര്‍ എന്നിങ്ങനെ ) നമ്മുടെ മുന്നിലുള്ള വാഹനവും ആയി അകലം വേണം. നമ്മളില്‍ എത്ര പേരുണ്ട്‌ ഇങ്ങനെ അകലം ഇട്ടു പോകന്‍ ശ്രമിക്കുന്നത്‌ ? ആരെങ്കിലും അങ്ങനെ അകലം ഇട്ടാല്‍ തന്നെ സെക്കന്റുകള്‍ക്കകം അതിനിടയില്‍ കേറുന്ന "മിടുക്കന്മാരും" നമ്മുടെ ഇടയില്‍ ഉണ്ട്‌.

ഏല്ലാവര്‍ക്കും ഒരേ സ്പീഡ്‌ ലിമിറ്റ്‌ തന്നെ- വലിയ വണ്ടിക്ക്‌ വലിയ സ്പീഡ്‌ എന്നു വിചാരിച്ച്‌ ചീറിപ്പാഞ്ഞു നടക്കുന്നവരെയും,ഗവണ്‍മന്റ്‌ വണ്ടിയുടെ സ്റ്റിയെറിംഗ്‌ പിടിച്ചു കഴിഞ്ഞാല്‍ പിന്നെ "രാജാവാണു ഞാന്‍" എന്ന മട്ടില്‍ ഓടിക്കുന്ന ധാരാളം പേരെയും നമുക്ക്‌ ദിവസവും കാണാവുന്നതാണ്‌ ഈതിലേറ്റവും രസം എന്നു പറയുന്നത്‌ -പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്തവനാണ്‌ " ഞാന്‍ ഒരു വകയ്ക്ക്‌ കൊള്ളാത്തവന്‍ ആണല്ലോ" എന്നുള്ള അപകര്‍ഷതാബോധം മറക്കാന്‍ വേണ്ടി പലപ്പോഴും ചീറിപ്പാഞ്ഞ്‌ പോകുന്നത്‌ എന്നതാണ്‌. അവന്‍ കാരണം അപകടത്തില്‍ പെടുന്നതോ വെറും നിരപരാധികളും !

Tuesday, January 16, 2007

വാഹന അപകടങ്ങള്‍ - ആരുടെ കുറ്റം ??

നമ്മുടെ നാട്ടില്‍ അപകടങ്ങള്‍ ദിവസം തോറും വര്‍ധിച്ചു വരികയാണല്ലൊ.കഴിഞ്ഞ ആറു വര്‍ഷമായി ലോകത്തിലെ അപകട മരണങ്ങളില്‍ ഒന്നാമതായി നില്‍ക്കുന്നതു നമ്മുടെ ഭാരതം ആണ്‌.ഭാരതത്തില്‍ മൂന്നാമതാണ്‌ നമ്മുടെ കൊച്ചു കേരളം.ഇതിനു കാരണങ്ങള്‍ എന്തൊക്കെ ആണ്‌ എന്നു നമുക്കു നോക്കാം

(1)റോഡിലെ മര്യാദ ഇല്ലായ്മ- ഇതു കൂടി വരുകയാണ്‌. ഏല്ലാവര്‍ക്കും എത്രയും പെട്ടെന്നു മുന്നിലെത്തണം."മറ്റുളവര്‍ക്കു ബുധ്ദിമുട്ട്‌ വന്നാലും സാരമില്ല,എനിക്കു മുന്നിലെത്തിയാല്‍ മതി" എന്നുള്ള ഒരു ചിന്താഗതി ഇന്നു മലയാളികളുടെ ഉള്ളില്‍ കടന്നുകൂടിയിരിക്കുന്നു.ഇടത്തു കൂടിയും വലത്തു കൂടിയും വളഞ്ഞും പുളഞ്ഞും വണ്ടികളുടെ മുന്നില്‍ കയറാനുള്ള ശ്രമത്തിനിടയില്‍ അനേകം ജീവിതങ്ങള്‍ ദിവസവും പൊലിയുന്നു.


(2) നിയമങ്ങള്‍ അനുസരിക്കാനുള്ള മലയാളിയുടെ സ്വതസിധ്ദമായ മടി.-- സത്യമല്ലേ ? എതു നിയമം കൊണ്ടുവന്നാലും അതിനെതിരേ പ്ര്വര്‍ത്തിക്കാനുള്ള പ്രവണത നമ്മളേ പോലെ ലോകത്തൊരു ജനതക്കുമില്ല. ഏങ്ങനെയും കുറുക്കു വഴികള്‍ കണ്ടെത്തുവാനും നിയമം ലംഘിക്കാനും മലയാളികള്‍ മിടുക്കന്മാര്‍ ആണ്‌. എന്നാല്‍ ഇതേ മലയാളിയെ കേരളത്തിനു പുറത്തു കൊണ്ടുപോയി നോക്കൂ- ഇത്രതൊളം മര്യാദക്കരനും നിയമങ്ങള്‍ അനുസരിക്കുന്നവനും ആയി വേറെ ആരെയും കാണാന്‍ കിട്ടുകയില്ല ! പിന്നെ നമ്മുടെ നാട്ടില്‍ മാത്രം എന്തും ആവാം എന്നുള്ള വിചാരം കൊണ്ടുമാത്രമല്ലേ നാം ഈ വെണ്ടാതീനം കാണിക്കാന്‍ യാതൊരു മടിയും പ്രകടിപ്പിക്കാത്തത്‌?