Dont drink & Drive

Dont drink & Drive

Tuesday, April 24, 2007

ഇത്തിരിക്കുഞ്ഞന്റെ വണ്ടി ഓടിപ്പ്‌

ഇന്നലെ രാവിലെ ഞാന്‍ എന്റെ 13 വയസ്സുള്ള മകനെയും കൊണ്ട്‌ tuition സ്ഥലത്തു പോയി. അവനെ വിട്ടിട്ട്‌ തിരിയുമ്പോള്‍ വരുന്നു അവന്റെ അത്രയും തന്നെ ഇല്ലാത്ത്‌ ഒരു കുട്ടീ സ്കൂട്ടര്‍ ഓടിച്ചു കൊണ്ട്‌. പുറകില്‍ അഭിമാന പുളകിതനായ"അഛന്‍".

വിടാന്‍ ഒക്കുമോ? ചോദിച്ചു- എന്താണ്‌ താങ്കള്‍ ഈ കാണിക്കുന്നത്‌?

"അവന്‌ ഓടിക്കാന്‍ അറിയാം"

ശരി, പക്ഷേ അവന്‌ ലൈസെന്‍സ്‌ ഇല്ലല്ലോ?

"അതിന്റെ ആവശ്യമില്ല. ഇങ്ങനെ ഉള്ളപ്പോഴെ അവന്‍ ഓടിക്കൂ"

എന്നാലും അപകടമല്ലേ? റ്റ്രാഫിക്‌ നിയമങ്ങള്‍ക്ക്‌ എതിരല്ലേ?

"ഒരു കിലോമീറ്റര്‍ ദൂരമേ ഉള്ളു. അതിനിടക്ക്‌ എന്തു പറ്റാനാ"

താങ്കള്‍ അവന്‌ wrong message അല്ലേ കൊടുക്കുന്നത്‌? നിയമം വേണമെങ്കില്‍ അനുസരിച്ചാല്‍ മതി എന്നും, ചില സമയങ്ങളില്‍ അപകടങ്ങള്‍ ഇല്ല എന്നും മറ്റും? രണ്ടു പേര്‍ക്കും ഹെല്‍മെറ്റും ഇല്ലല്ലോ.

അദ്ദേഹം ചീറിപ്പാഞ്ഞു പോയി.

എങ്ങനെ ഇവിടെ 1600 പേര്‍ മരിക്കാതിരിക്കും????

Sunday, April 15, 2007

പ്രിയപ്പെട്ട ഇരുചക്ര വാഹനാക്കാരാ

കണ്ടു കണ്ട്‌ മടുത്തതു കൊണ്ടാണ്‌ ഇതെഴുതുന്നത്‌.

ഈ സാധനത്തിന്‌ 2 വീലേ ഉള്ളു എന്നും ചരിഞ്ഞാല്‍ ഇതു തറയില്‍ വീഴും എന്നും ഇതുവരെ താങ്കള്‍ക്ക്‌ മനസ്സിലായിട്ടില്ല.ഓടിത്തുടങ്ങി ഏതാനും സെക്കന്റുകള്‍ കഴിഞ്ഞാലേ ബാലന്‍സ്‌ കിട്ടുകയുള്ളു എന്നും അതിനു മുന്‍പ്‌ മിക്കവാറും എല്ലാവര്‍ക്കും ഒരു ചെറിയ ആട്ടവും ചരിയലും ഉണ്ടെന്നും അറിയാമെങ്കിലും താങ്കള്‍ ഇപ്പോഴും വലിയ വണ്ടികളുടെ തൊട്ടുമുന്നില്‍ പോയി നില്‍ക്കുകയും, അതിന്റെ മുന്നില്‍ നടത്തുന്ന സര്‍ക്കസിന്റെ ഫലമായി മറിഞ്ഞു വീഴുകയും ചെയ്യുന്നു.

ആനയുടെ മുകളില്‍ എന്ന മട്ടില്‍ "സിംഹാസനത്തില്‍" ഇരിക്കുന്ന ബസ്‌/ ലോറി ഡ്രൈവര്‍ക്ക്‌ തൊട്ടു മുന്നില്‍ താഴെ നില്‍ക്കുന്ന ഇരു ചക്ര വാഹനത്തെ കാണാന്‍ പറ്റില്ല എന്നുള്ള സത്യം പലരും ചതഞ്ഞരഞ്ഞിട്ടും താങ്കള്‍ മനസിലാക്കുന്നില്ല.

ഇടത്തു വശത്തുകൂടിയുള്ള മുന്നില്‍ കേറ്റം അപകടം പിടിച്ചതാണ്‌ എന്ന്‌ ഇനി ആരെങ്കിലും പ്രത്യേകം പറഞ്ഞു തന്നാലേ മനസ്സിലാകുകയുള്ളോ? വലത്തു വശത്ത്‌ പോലും rear view mirror ഉപയോഗിക്കാത്ത നമ്മുടെ കേരളത്തില്‍,ഡ്രൈവര്‍ക്ക്‌ കാണാന്‍ പറ്റാത്ത വിധത്തിലുള്ള ഈ മുന്നേറ്റം നടത്തിയിട്ടുള്ള പലരും ഇന്ന് നമ്മോടൊപ്പം ഇല്ല എന്നുള്ളത്‌ താങ്കള്‍ക്ക്‌ അറിയാഞ്ഞിട്ടല്ലല്ലോ? ഡ്രൈവര്‍ കാണാതെ മുന്നിലെത്തിയാല്‍ എന്തെങ്കിലും സമ്മാനം വച്ചിട്ടുണ്ടോ?

മുന്‍പില്‍ പോകുന്ന വണ്ടി slow ചെയ്യുന്നതിന്‌ പല കാരണങ്ങള്‍ കാണുമെന്നും (ആരെങ്കിലും എടുത്തു ചാടിക്കാണും, അല്ലെങ്കില്‍ കുഴി കാണും) അത്‌ മുന്നില്‍ക്കേറാന്‍ ഉള്ള സുവര്‍ണാവസരം ആയിക്കാണുന്നത്‌ ശുദ്ധ മണ്ടത്തരമാണെന്നും താങ്കള്‍ക്ക്‌ അറിഞ്ഞുകൂടാത്തത്‌ കൊണ്ടാണോ മുന്‍പിലത്തെ വണ്ടി ഒന്നു പതുക്കെയായാലുടന്‍ താങ്കള്‍ അതിന്റെ മുന്നില്‍ക്കേറാന്‍ വേണ്ടി ഈ കോപ്രായങ്ങള്‍ കാണിക്കുന്നത്‌ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌.

ദൂരെ ആരെങ്കിലും റോഡ്‌ ക്രോസ്‌ ചെയ്യാന്‍ നില്‍ക്കുന്നത്‌ കണ്ടാല്‍ ഉടന്‍ സ്പീഡ്‌ കൂട്ടി അവനെ ക്രോസ്‌ ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നത്ശുദ്ധ പോക്രിത്തരം ആണെന്ന് എന്നാണ്‌ താങ്കള്‍ക്ക്‌ ഒന്നു മനസിലാകുന്നത്‌? താങ്കളുടെ ഒരു സെക്കന്റിന്‌ ഇത്രയും വിലയോ? അയാള്‍ ക്രോസ്‌ ചെയ്ത്‌ കഴിഞ്ഞ്‌ താങ്കള്‍ കടന്നു പോയാല്‍ എന്തെങ്കിലും തേഞ്ഞു പോകുമോ??

സര്‍ക്കസിലെ കുരങ്ങനെപ്പോലെ ചുമ്മാ ഹാന്‍ഡിലും പിടിച്ച്‌ ഇരുന്നാല്‍ പോരാ എന്നും ഓരോ സെക്കന്റിലും അപകട സാദ്ധ്യതയുള്ള സ്ഥലം ആണ്‌ റോഡ്‌ എന്ന് താങ്കള്‍ക്ക്‌ അറിഞ്ഞുകൂടാത്തത്‌ കൊണ്ടാണ്‌ താങ്കള്‍ ഇങ്ങനെ സ്വപ്നലോകത്തിലെന്ന പോലെ ഓടിക്കുന്നത്‌ എന്നെനിക്കു തോന്നുന്നില്ല. പെട്ടെന്ന് വെട്ടിച്ച്‌ തിരിയാന്‍ ഇതെന്താ താങ്കളുടെ വീട്ടുമുറ്റമോ മറ്റോ ആണോ? മുറുക്കാന്‍ കട അപ്പുറത്തായിപ്പോയി എന്നു വച്ച്‌ മെയിന്‍ റോഡിനെ ചുമ്മാ അങ്ങു ക്രോസ്‌ ചെയ്താല്‍ മതിയോ?

പിള്ളേര്‍ കുഞ്ഞായിരുന്നപ്പോള്‍ ഉള്ളതു പോലെ തന്നെ ഒരു വണ്ടിയില്‍ മൂന്നും നാലും പേരെ കേറ്റുന്നത്‌ അല്‍പം മണ്ടത്തരമല്ലേ എന്നു താങ്കള്‍ക്ക്‌ തോന്നിയിട്ടുണ്ടോ? മുന്‍പില്‍ നില്‍ക്കുന്ന വലിയ കുട്ടിയുടെ തല കാരണം ഒന്നും കാണാന്‍ വയ്യെങ്കിലും വാഹനങ്ങള്‍ ചീറിപ്പായുന്ന മെയിന്‍ റോഡില്‍ ഇറങ്ങുന്നതില്‍ താങ്കള്‍ക്ക്‌ ഒരു മടിയും ഇല്ല എന്നുള്ളത്‌ എനിക്ക്‌ എപ്പോഴും അദ്ഭുതമായി തോന്നിയിട്ടുണ്ട്‌.

തലയ്ക്കത്ത്‌ വിലയുള്ള ഒന്നും ഇല്ല എന്നുള്ള സത്യം മനസ്സിലാക്കിയതു കൊണ്ടാണോ ഹെല്‍മെറ്റ്‌ വയ്ക്കാന്‍ ഇത്ര മടി? ഈ ഹെല്‍മെറ്റ്‌ കയ്യിലെ മുട്ടില്‍ കൂടി ഇടുന്നതിന്റെ രഹസ്യം എന്താണ്‌ ? വീഴുമ്പോള്‍ മുട്ടിലെ തൊലി പോകാതിരിയ്ക്കാനാണോ? പിറകിലത്തെ സീറ്റില്‍ ഭദ്രമായി കെട്ടി വയ്ക്കുന്നത്‌ കൊണ്ട്‌ എന്തെങ്കിലും ഉപയോഗം ഉണ്ടെന്ന് താങ്കള്‍ക്ക്‌ തോന്നിയിട്ടുണ്ടോ?

മുന്നിലത്തെ വണ്ടി വലത്തോട്ട്‌ തിരിയാന്‍ signal ഇട്ടാലുടന്‍ അതിന്റെ വലത്ത്‌ കൂടി ത്തന്നെ മുന്നില്‍ക്കേറാന്‍ തുടങ്ങുന്ന താങ്കളുടെ മനോവികാരം എന്താണ്‌. അത്രയും നേരം ഇടത്തു വശത്തല്ലായിരുന്നോ താങ്കളുടെ നോട്ടം?

ഒരു കയ്യില്‍ mobileഉം പിടിച്ച്‌ കാണിക്കുന്ന ഈ സര്‍ക്കസ്‌ ആര്‍ക്ക്‌ വേണ്ടിയാണ്‌? ഒരു missed callനെ തിരിച്ചു വിളിക്കാന്‍ ഇത്രയ്ക്ക്‌ ബുദ്ധിമുട്ടുണ്ടോ? ഇതില്‍ ഒന്നോ രണ്ടോ പേരെ ചിലപ്പോള്‍ operation theatreല്‍ നിന്നായിരിക്കും വിളിക്കുന്നത്‌ എന്നറിയാം ("ഡൊക്ടര്‍, ഹൃദയം തുറന്നപ്പ്പ്പോള്‍ അതിനകത്ത്‌ ഒന്നുമില്ല.ഇനിയിപ്പോള്‍ എന്തു ചെയ്യണം" എന്നുള്ള assistantന്റെ വിളി നമുക്ക്‌ തള്ളിക്കളയാന്‍ പറ്റുകില്ലല്ലോ!)പക്ഷേ ബാക്കിയുള്ള എത്ര പേരുണ്ട്‌ ഉടനേ ഒരു തീരുമാനം എടുത്താലെ പറ്റൂ എന്നുള്ള തരത്തിലുള്ള ജോലി ചെയ്യുന്നവര്‍?100 കിലോ ഭാരമുള്ള താങ്കളുടെ വണ്ടി 40 കിലോമീറ്റര്‍ സ്പീഡില്‍ പോകുമ്പോള്‍ (ഒരു സെക്കന്റില്‍ 11 മീറ്റര്‍)ഉണ്ടാകുന്ന ഇടിയുടെ ആഘാതം 1100 Newtons ആണെന്നും ഇത്‌ അത്ര ചെറിയ ഒരു ആഘാതം അല്ലെന്നും താങ്കള്‍ക്ക്‌ തീര്‍ച്ചയായും അറിയാം. പക്ഷേ " 60 വയസു വരെ ഒന്നും പറ്റൂല്ല" എന്നുള്ള കണിയാന്റെ വാക്കുകളെ വിശ്വസിച്ച്‌ ഇങ്ങനെ മരണക്കളി കളിക്കണോ?