Dont drink & Drive

Dont drink & Drive

Sunday, May 18, 2008

തിരൂരിന്റെ ശാപം.

ഈയിടെ ഓഫീസ്‌ കാര്യത്തിനായി തിരൂരില്‍ പോയി.കുറച്ചു ദിവസം നില്‍ക്കേണ്ടി വന്നു. നല്ല ഒരു സ്ഥലം. വളരെ ഇഷ്ടപ്പെട്ടു. പക്ഷേ.......

അവിടെ ചീറിപ്പാഞ്ഞു നടക്കുന്ന മണല്‍ ലോറികള്‍ ഒരു ശാപം തന്നെയാണ്‌. മിക്കതും കള്ള വണ്ടികള്‍.പോലീസ്‌ പിടിക്കാതിരിക്കാനും അടുത്ത റ്റ്രിപ്പ്‌ അടിക്കാനും വേണ്ടി നടത്തുന്ന മരണപ്പാച്ചില്‍ കണ്ട്‌ കണ്ണു തള്ളിപ്പോയി.

"ഇടിച്ചു തെറിപ്പിച്ചിട്ടിട്ടു പൊയ്ക്കോളാനാ പറഞ്ഞിരിക്കുന്നത്‌. ബാക്കി കാര്യം നോക്കാന്‍ ആളുണ്ട്‌"- ബസ്‌ കാത്തു നില്‍ക്കുന്നതിനിടയില്‍ പരിചയപ്പെട്ട നാട്ടുകാരന്‍.

അതിനു നിങ്ങള്‍ക്ക്‌ പ്രശ്നമില്ലേ? നിങ്ങളെ ഇടിച്ചിട്ടാലോ ?

നമ്മള്‍ എന്ത്‌ ചെയ്യാനാ. ഇതൊരു വലിയ മാഫിയായുടെ കയ്യിലാ.

ഇടയ്ക്കൊരു സുഹൃത്തിന്റെ കാര്‍ ഒന്ന് ഓടിച്ച്‌ ഒരു സ്ഥലം വരെ പോകേണ്ടി വന്നപ്പോള്‍ മനസ്സിലായി. അവിടുത്തെ സ്ഥിതിയുടെ ഭീകര രൂപം.

കഷ്ടിച്ച്‌ രണ്ടു വണ്ടികള്‍ക്ക്‌ (അങ്ങോട്ടും ഇങ്ങോട്ടും ആയി) പോകാനുള്ള വീതിയുള്ള റോഡില്‍ എന്റെ alto യുടെ പുറകേ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വന്ന് മുഴുവന്‍ സമയവും ഹോണ്‍ മുഴക്കി ,ലൈറ്റും തെളിച്ച്‌ ഏതാണ്ട്‌ 5 മിനിറ്റോളം എന്റെ കുടുംബത്തെ മുഴുവന്‍ അരക്ഷിതാവസ്ഥയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഒഴിഞ്ഞ മണല്‍ ലോറി.

അവനെ മുന്നില്‍ കേറ്റിവിടാന്‍ മാര്‍ഗമില്ലാതെ (വശങ്ങളില്‍ കുറച്ച്‌ താന്ന റോഡ്‌)പകച്ചിരിക്കുന്ന ഞാന്‍.

കാര്‍ ഓടിക്കാന്‍ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ 24 കൊല്ലം ആയതുകൊണ്ടുള്ള മനക്കരുത്ത്‌ കൊണ്ടുമാത്രമാണ്‌ ഞങ്ങള്‍ രക്ഷപ്പെട്ടത്‌ എന്നു വേണമെങ്കില്‍ പറയാം.

എവിടെയോ വച്ച്‌ സ്ഥലമില്ലെങ്കിലും ഞെരുങ്ങിക്കയറി എന്റെ മുന്നില്‍ ക്കടന്നിട്ട്‌ നിന്നെപ്പിന്നെ ക്കണ്ടോളാം എന്നൊ മറ്റോ പറഞ്ഞിട്ട്‌ അവന്മാര്‍ പോയി.

അത്‌ ഒഴിഞ്ഞ മണല്‍ ലോറി ആണത്രെ. അവനു മുന്നില്‍ ആരും കടന്നു കൂടത്രെ.

"ഒഴിഞ്ഞ ലോറി കൂടുതല്‍ അപകടം" എന്ന് എന്റെ സുഹൃത്ത്‌ .

തിരൂരു കാരോട്‌ എനിക്ക്‌ സഹതാപം തോന്നുന്നു. ഇത്‌ ദിവസവും അനുഭവിച്ച്‌ ഇത്‌ ജീവിതത്തിന്റെ (മരണത്തിന്റെയും) ഒരു ഭാഗമായിട്ടും നിങ്ങള്‍ ഒന്നനങ്ങുന്നില്ലല്ലോ. എന്തിനീ മരണപ്പാച്ചില്‍ ജീവിതത്തിന്റെ ഭാഗമായിക്കാണൂന്നു?. ഇതു നിങ്ങളുടെ നാടിന്റെ ശാപം തന്നെയാണ്‌. അവിടെ വേറെ ഒരു കുഴപ്പവും തോന്നിയില്ല. വളരെ സഹായമനസ്കരായുള്ള നാട്ടുകാര്‍.

എന്തേ നിങ്ങള്‍ ഇത്‌ ഇങ്ങനെ തുടരാന്‍ അനുവദിക്കുന്നു?