Dont drink & Drive

Dont drink & Drive

Sunday, April 15, 2007

പ്രിയപ്പെട്ട ഇരുചക്ര വാഹനാക്കാരാ

കണ്ടു കണ്ട്‌ മടുത്തതു കൊണ്ടാണ്‌ ഇതെഴുതുന്നത്‌.

ഈ സാധനത്തിന്‌ 2 വീലേ ഉള്ളു എന്നും ചരിഞ്ഞാല്‍ ഇതു തറയില്‍ വീഴും എന്നും ഇതുവരെ താങ്കള്‍ക്ക്‌ മനസ്സിലായിട്ടില്ല.ഓടിത്തുടങ്ങി ഏതാനും സെക്കന്റുകള്‍ കഴിഞ്ഞാലേ ബാലന്‍സ്‌ കിട്ടുകയുള്ളു എന്നും അതിനു മുന്‍പ്‌ മിക്കവാറും എല്ലാവര്‍ക്കും ഒരു ചെറിയ ആട്ടവും ചരിയലും ഉണ്ടെന്നും അറിയാമെങ്കിലും താങ്കള്‍ ഇപ്പോഴും വലിയ വണ്ടികളുടെ തൊട്ടുമുന്നില്‍ പോയി നില്‍ക്കുകയും, അതിന്റെ മുന്നില്‍ നടത്തുന്ന സര്‍ക്കസിന്റെ ഫലമായി മറിഞ്ഞു വീഴുകയും ചെയ്യുന്നു.

ആനയുടെ മുകളില്‍ എന്ന മട്ടില്‍ "സിംഹാസനത്തില്‍" ഇരിക്കുന്ന ബസ്‌/ ലോറി ഡ്രൈവര്‍ക്ക്‌ തൊട്ടു മുന്നില്‍ താഴെ നില്‍ക്കുന്ന ഇരു ചക്ര വാഹനത്തെ കാണാന്‍ പറ്റില്ല എന്നുള്ള സത്യം പലരും ചതഞ്ഞരഞ്ഞിട്ടും താങ്കള്‍ മനസിലാക്കുന്നില്ല.

ഇടത്തു വശത്തുകൂടിയുള്ള മുന്നില്‍ കേറ്റം അപകടം പിടിച്ചതാണ്‌ എന്ന്‌ ഇനി ആരെങ്കിലും പ്രത്യേകം പറഞ്ഞു തന്നാലേ മനസ്സിലാകുകയുള്ളോ? വലത്തു വശത്ത്‌ പോലും rear view mirror ഉപയോഗിക്കാത്ത നമ്മുടെ കേരളത്തില്‍,ഡ്രൈവര്‍ക്ക്‌ കാണാന്‍ പറ്റാത്ത വിധത്തിലുള്ള ഈ മുന്നേറ്റം നടത്തിയിട്ടുള്ള പലരും ഇന്ന് നമ്മോടൊപ്പം ഇല്ല എന്നുള്ളത്‌ താങ്കള്‍ക്ക്‌ അറിയാഞ്ഞിട്ടല്ലല്ലോ? ഡ്രൈവര്‍ കാണാതെ മുന്നിലെത്തിയാല്‍ എന്തെങ്കിലും സമ്മാനം വച്ചിട്ടുണ്ടോ?

മുന്‍പില്‍ പോകുന്ന വണ്ടി slow ചെയ്യുന്നതിന്‌ പല കാരണങ്ങള്‍ കാണുമെന്നും (ആരെങ്കിലും എടുത്തു ചാടിക്കാണും, അല്ലെങ്കില്‍ കുഴി കാണും) അത്‌ മുന്നില്‍ക്കേറാന്‍ ഉള്ള സുവര്‍ണാവസരം ആയിക്കാണുന്നത്‌ ശുദ്ധ മണ്ടത്തരമാണെന്നും താങ്കള്‍ക്ക്‌ അറിഞ്ഞുകൂടാത്തത്‌ കൊണ്ടാണോ മുന്‍പിലത്തെ വണ്ടി ഒന്നു പതുക്കെയായാലുടന്‍ താങ്കള്‍ അതിന്റെ മുന്നില്‍ക്കേറാന്‍ വേണ്ടി ഈ കോപ്രായങ്ങള്‍ കാണിക്കുന്നത്‌ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്‌.

ദൂരെ ആരെങ്കിലും റോഡ്‌ ക്രോസ്‌ ചെയ്യാന്‍ നില്‍ക്കുന്നത്‌ കണ്ടാല്‍ ഉടന്‍ സ്പീഡ്‌ കൂട്ടി അവനെ ക്രോസ്‌ ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നത്ശുദ്ധ പോക്രിത്തരം ആണെന്ന് എന്നാണ്‌ താങ്കള്‍ക്ക്‌ ഒന്നു മനസിലാകുന്നത്‌? താങ്കളുടെ ഒരു സെക്കന്റിന്‌ ഇത്രയും വിലയോ? അയാള്‍ ക്രോസ്‌ ചെയ്ത്‌ കഴിഞ്ഞ്‌ താങ്കള്‍ കടന്നു പോയാല്‍ എന്തെങ്കിലും തേഞ്ഞു പോകുമോ??

സര്‍ക്കസിലെ കുരങ്ങനെപ്പോലെ ചുമ്മാ ഹാന്‍ഡിലും പിടിച്ച്‌ ഇരുന്നാല്‍ പോരാ എന്നും ഓരോ സെക്കന്റിലും അപകട സാദ്ധ്യതയുള്ള സ്ഥലം ആണ്‌ റോഡ്‌ എന്ന് താങ്കള്‍ക്ക്‌ അറിഞ്ഞുകൂടാത്തത്‌ കൊണ്ടാണ്‌ താങ്കള്‍ ഇങ്ങനെ സ്വപ്നലോകത്തിലെന്ന പോലെ ഓടിക്കുന്നത്‌ എന്നെനിക്കു തോന്നുന്നില്ല. പെട്ടെന്ന് വെട്ടിച്ച്‌ തിരിയാന്‍ ഇതെന്താ താങ്കളുടെ വീട്ടുമുറ്റമോ മറ്റോ ആണോ? മുറുക്കാന്‍ കട അപ്പുറത്തായിപ്പോയി എന്നു വച്ച്‌ മെയിന്‍ റോഡിനെ ചുമ്മാ അങ്ങു ക്രോസ്‌ ചെയ്താല്‍ മതിയോ?

പിള്ളേര്‍ കുഞ്ഞായിരുന്നപ്പോള്‍ ഉള്ളതു പോലെ തന്നെ ഒരു വണ്ടിയില്‍ മൂന്നും നാലും പേരെ കേറ്റുന്നത്‌ അല്‍പം മണ്ടത്തരമല്ലേ എന്നു താങ്കള്‍ക്ക്‌ തോന്നിയിട്ടുണ്ടോ? മുന്‍പില്‍ നില്‍ക്കുന്ന വലിയ കുട്ടിയുടെ തല കാരണം ഒന്നും കാണാന്‍ വയ്യെങ്കിലും വാഹനങ്ങള്‍ ചീറിപ്പായുന്ന മെയിന്‍ റോഡില്‍ ഇറങ്ങുന്നതില്‍ താങ്കള്‍ക്ക്‌ ഒരു മടിയും ഇല്ല എന്നുള്ളത്‌ എനിക്ക്‌ എപ്പോഴും അദ്ഭുതമായി തോന്നിയിട്ടുണ്ട്‌.

തലയ്ക്കത്ത്‌ വിലയുള്ള ഒന്നും ഇല്ല എന്നുള്ള സത്യം മനസ്സിലാക്കിയതു കൊണ്ടാണോ ഹെല്‍മെറ്റ്‌ വയ്ക്കാന്‍ ഇത്ര മടി? ഈ ഹെല്‍മെറ്റ്‌ കയ്യിലെ മുട്ടില്‍ കൂടി ഇടുന്നതിന്റെ രഹസ്യം എന്താണ്‌ ? വീഴുമ്പോള്‍ മുട്ടിലെ തൊലി പോകാതിരിയ്ക്കാനാണോ? പിറകിലത്തെ സീറ്റില്‍ ഭദ്രമായി കെട്ടി വയ്ക്കുന്നത്‌ കൊണ്ട്‌ എന്തെങ്കിലും ഉപയോഗം ഉണ്ടെന്ന് താങ്കള്‍ക്ക്‌ തോന്നിയിട്ടുണ്ടോ?

മുന്നിലത്തെ വണ്ടി വലത്തോട്ട്‌ തിരിയാന്‍ signal ഇട്ടാലുടന്‍ അതിന്റെ വലത്ത്‌ കൂടി ത്തന്നെ മുന്നില്‍ക്കേറാന്‍ തുടങ്ങുന്ന താങ്കളുടെ മനോവികാരം എന്താണ്‌. അത്രയും നേരം ഇടത്തു വശത്തല്ലായിരുന്നോ താങ്കളുടെ നോട്ടം?

ഒരു കയ്യില്‍ mobileഉം പിടിച്ച്‌ കാണിക്കുന്ന ഈ സര്‍ക്കസ്‌ ആര്‍ക്ക്‌ വേണ്ടിയാണ്‌? ഒരു missed callനെ തിരിച്ചു വിളിക്കാന്‍ ഇത്രയ്ക്ക്‌ ബുദ്ധിമുട്ടുണ്ടോ? ഇതില്‍ ഒന്നോ രണ്ടോ പേരെ ചിലപ്പോള്‍ operation theatreല്‍ നിന്നായിരിക്കും വിളിക്കുന്നത്‌ എന്നറിയാം ("ഡൊക്ടര്‍, ഹൃദയം തുറന്നപ്പ്പ്പോള്‍ അതിനകത്ത്‌ ഒന്നുമില്ല.ഇനിയിപ്പോള്‍ എന്തു ചെയ്യണം" എന്നുള്ള assistantന്റെ വിളി നമുക്ക്‌ തള്ളിക്കളയാന്‍ പറ്റുകില്ലല്ലോ!)പക്ഷേ ബാക്കിയുള്ള എത്ര പേരുണ്ട്‌ ഉടനേ ഒരു തീരുമാനം എടുത്താലെ പറ്റൂ എന്നുള്ള തരത്തിലുള്ള ജോലി ചെയ്യുന്നവര്‍?100 കിലോ ഭാരമുള്ള താങ്കളുടെ വണ്ടി 40 കിലോമീറ്റര്‍ സ്പീഡില്‍ പോകുമ്പോള്‍ (ഒരു സെക്കന്റില്‍ 11 മീറ്റര്‍)ഉണ്ടാകുന്ന ഇടിയുടെ ആഘാതം 1100 Newtons ആണെന്നും ഇത്‌ അത്ര ചെറിയ ഒരു ആഘാതം അല്ലെന്നും താങ്കള്‍ക്ക്‌ തീര്‍ച്ചയായും അറിയാം. പക്ഷേ " 60 വയസു വരെ ഒന്നും പറ്റൂല്ല" എന്നുള്ള കണിയാന്റെ വാക്കുകളെ വിശ്വസിച്ച്‌ ഇങ്ങനെ മരണക്കളി കളിക്കണോ?

13 comments:

rajesh said...

ദൂരെ ആരെങ്കിലും റോഡ്‌ ക്രോസ്‌ ചെയ്യാന്‍ നില്‍ക്കുന്നത്‌ കണ്ടാല്‍ ഉടന്‍ സ്പീഡ്‌ കൂട്ടി അവനെ ക്രോസ്‌ ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നത്ശുദ്ധ പോക്രിത്തരം ആണെന്ന് എന്നാണ്‌ താങ്കള്‍ക്ക്‌ ഒന്നു മനസിലാകുന്നത്‌?

സഞ്ചാരി said...

മുറിയന്‍ ഷര്‍ട്ടും,അലക്കാത്ത ജീന്‍സു 100 സി.സി വൈക്കുമുണ്ടെങ്കില്‍ പിന്നെ ഞാന്‍ ആരപ്പ.
ഈ ആ(ഇ)രപ്പന്മാര് ഇതൊന്ന് വയിച്ചിരുന്നുവെങ്കില്‍.
ശ്രദ്ദേയമായ പോസ്റ്റ്

കുതിരവട്ടന്‍ | kuthiravattan said...

ഒരു 100 cc ബൈക്ക് എനിക്കുമുണ്ടേ. അതിനും മുമ്പ് എനിക്കുണ്ടായിരുന്നതൊരു റാലി സൈക്കിളായിരുന്നു :-)
ഒരിക്കല്‍ എന്റെ ഒരു ബോസ്സ് സംസാരത്തിനിടെ വിസ്തരിക്കുകയുണ്ടായി ഇരുചക്രന്മാരെയും കാല്‍നടക്കാരെയും കൊണ്ടുള്ള പ്രശ്നങ്ങള്‍. സംസാരമധ്യേ അദ്ദേഹം പറഞ്ഞു, കാറോടിക്കുമ്പോള്‍ അദ്ദേഹം പട്ടികളേയും സൈക്കിള്‍ യാത്രക്കാരെയും ഒരു പോലെയാണു കാണാറെന്ന്.
എന്തായാലും ഈ ബൈക്ക് ഉപേക്ഷിച്ചു ഒരു കാറു വാങ്ങണം. ഇനി അതു കഴിയുമ്പോള്‍ ബസ്സുകാരും ലോറിക്കാരും എന്താണാവൊ പറയുക.

myexperimentsandme said...

നല്ല പോസ്റ്റ്.

ഇടതുവശത്തുകൂടിയുള്ള കയറ്റം ഭയാനകം. താരതമ്യേന സുരക്ഷിതമെന്ന് കരുതപ്പെടുന്ന കോളേജ് കാമ്പസ്സിനകത്തുപോലും ഇതിലെ അഭ്യാസപ്രകടനം മൂലം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ ഒരു പെണ്‍‌കുട്ടിയുടെ ജീവന്‍ പോയില്ലേ.

എല്ലാവര്‍ക്കും ഭയങ്കര അത്യാവശ്യമാണ്. ആ പോക്കൊക്കെ പോകുന്നത് അപ്പുറത്തെ കവലയിലെ ചായക്കടയില്‍ പുട്ടടിക്കാനോ വീട്ടില്‍ പോയി കിടന്നുറങ്ങാനോ ഒക്കെയുള്ളതാണെന്നുള്ളതാണ് ഇതിന്റെ രസവും.

എല്ലാവര്‍ക്കുമായി വെളിവുവരുന്ന ആ സുദിനത്തെയുമോര്‍ത്ത് ഇരിക്കുന്നു.

സാജന്‍| SAJAN said...

സിഡ്നിയില്‍ പബ്ലിഷ് ചെയ്യുന്ന ഒരു ഓട്ടോ മാഗസിനില്‍.. വായനകാര്‍‌ക്ക് വേണ്ടി ഒരു കോളം ഉണ്ട്.. അവരുടെ ജീവിതത്തില്‍ ഫീല്‍ ചെയ്ത ഒരു റോഡ് എക്സ്പീരീയന്‍സ് എഴുതാന്‍.. ഈയടുത്ത ഇടക്ക് അതില്‍ ഞാന്‍ വായിച്ചത് ഒരു ഓസ്ട്രേലിയന്‍ നമ്മുടെ നാട്ടില്‍ സഞ്ചരിച്ച കഥയായിരുന്നു..
അത് വായിച്ച് എനിക്കു കോള്‍മയിര്‍ കൊണ്ടു.. ഞങ്ങളുടെ ഫാമിലി ഡോക്ടറിന്റെ റിസപ്ഷനില്‍ കീടന്ന ആ മാഗസിന്‍ പിന്നെ ആരും വായിക്കാതിരിക്കാന്‍ ഞാനതു അടുക്കി വച്ചിരുന്ന മാഗസിന്‍ കൂട്ടത്തിന്റെ ഏറ്റവും അടിയില്‍ തിരുകി വച്ചു..ആ ലേഖനത്തിന്റെ അവസാന വാചകം ഞാനൊന്നു ക്വോട്ട് ചെയ്യട്ടെ..ഇനിയെന്റെ ജീവിതത്തില്‍ ഞാന്‍ ഒരിടത്തു പോയാലും.. അവിടുത്തെ റോഡിനേയോ.. ഡ്രൈവേഴ്സിനേയോ പറ്റി ആരോടും പരാതി പറയില്ല..
നമ്മളാരാ മക്കള്‍ അല്ലേ?:(

rajesh said...

ഇടത്തു വശത്തുകൂടിയുള്ള മുന്നില്‍ കേറ്റം അപകടം പിടിച്ചതാണ്‌ എന്ന്‌ ഇനി ആരെങ്കിലും പ്രത്യേകം പറഞ്ഞു തന്നാലേ മനസ്സിലാകുകയുള്ളോ?

Siju | സിജു said...

നല്ല പോസ്റ്റ്
കാര്യം ഇടതു വശത്തുകൂടി ഓവര്‍ടേക്കൊക്കെ ചെയ്യുമെങ്കിലും ഞാനിപ്പതന്നെ അവിടെയെത്തിയില്ലെങ്കില്‍ അവിടെയെന്തൊക്കെയോ സംഭവിക്കുമെന്ന രീതിയില്‍ വണ്ടിയോടിക്കാറൊക്കെയുണ്ടെങ്കിലും മിക്കവാറും നിയമങ്ങളെല്ലാമനുസരിച്ചും ഹെല്‍മറ്റ് തലയില്‍ തന്നെ വെച്ചും ആണ് വണ്ടിയോടിക്കാറ്
ഒരു ബൈക്ക് പ്രേമി

santhosh balakrishnan said...

റോഡിലിറങിയാല്‍ വ്യക്തികളില്ല..

ബൈക്കുകാരന്‍,കാറുകാരന്‍,ലോറിക്കാരന്‍,സൈക്കിളുകാരന്‍,..അങനെ വാഹനസമുദ്രത്തില്‍ ഒരു വാഹനക്കാരന്‍..

സൈക്കിളുകാരന്‍ കാറ് വാങി ഓടിച്ഛാല്‍ അവന്‍ കാറുകാരനായി..
അതുപോലെ ബൈക്കുകാരന്‍ കാറുവാങിയാല്‍ അവന്‍ മര്യാദക്കാരനായി..!
പിന്നെ അവന് ബൈക്കുകാരെ കുറ്റം പറയാം..

ഇവിടെ വാഹനങളല്ല പ്രശ്നക്കാര്‍..അത്‌ നിരുത്തരവാദമായി ഓടിക്കുന്നവരാണ്.

രാജേഷ് പറഞപോലെ അപകട സാധ്യത കൂടുതല്‍ ഉള്ള വണ്ടികള്‍ ഓടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം.

എതിരെ വരുന്ന കാറുകളും മറ്റ് വലിയ വാഹനങളും രാത്രി ലൈറ്റ് ഡിം ചെയ്യാതിരിക്കുന്നത് പതിവാണ്.
ഇരുചക്രക്കാരന്‍ റോഡ് കാണാനാകാതെ വണ്ടി നിര്‍ത്തുന്നു..അല്ലങ്കില്‍ അപകടത്തിലാകുന്നു.

ടിപ്പര്‍ലോറികളും സ്വകാര്യബസുകളും നിരന്തരം അപകടം ഉണ്ടാക്കുന്ന വാഹനങള്‍ ആണ്.
വാഹനങള്‍ ഏതായാലും അത് ഓടിക്കുന്നവന്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുകയാണ് വേണ്ടത്‌.
രാജേഷിന്റെ പോസ്റ്റിന്‍ നന്ദി

rajesh said...

ഇന്ന് ദാ പേപ്പറില്‍ കിടക്കുന്നു,അപകടത്തില്‍ മരിക്കുന്നവരില്‍ 40 ശതമാനം ഇരുചക്ര വാഹനം ഓടിക്കുന്നവരാണെന്ന്

rajesh said...

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍.


3600ല്‍ അധികം മരണങ്ങള്‍


അതില്‍ 1600ല്‍ പേരും ഇരു ചക്ര വാഹനം ഓടിക്കുന്നവര്‍. മിക്കവാറും പേര്‍ക്ക്‌ helmet ഇല്ലായിരുന്നു.

ഇതില്‍ നിന്ന് നാം പഠിച്ചില്ലെങ്കില്‍ പിന്നെ എന്തു പറയാന്‍.

കഴിഞ്ഞ ദിവസം നടന്ന symposium ല്‍ നിന്ന് ലഭിച്ച വിവരങ്ങള്‍

rajesh said...

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍.


3600ല്‍ അധികം മരണങ്ങള്‍


അതില്‍ 1600ല്‍ പേരും ഇരു ചക്ര വാഹനം ഓടിക്കുന്നവര്‍. മിക്കവാറും പേര്‍ക്ക്‌ helmet ഇല്ലായിരുന്നു.

rajesh said...

ഇന്നു രാവിലെ എന്റെ മുന്‍പില്‍ രണ്ടു ചെത്തു പിള്ളേര്‍ (ഓരോന്നൊക്കെ തൂങ്ങിക്കിടക്കുന്ന ജീന്‍സ്‌, മുറിക്കയ്യന്‍ റ്റീ ഷര്‍ട്‌).പുറകിലിരിക്കുന്നവന്റെ കയ്യില്‍ ഒരു ഹെല്‍മെറ്റ്‌ ഉണ്ട്‌. എവിടെയെങ്കിലും ഒരു കാക്കി കണ്ടാലുടന്‍ ഇത്‌ ഓടിക്കുന്നവന്റെ തലയില്‍ വയ്ക്കുന്നു. അവിടം കഴിയുമ്പോള്‍ വീണ്ടും ഊരുന്നു. ഇങ്ങനെ കുറേ തവണയായി.

എപ്പഴാണ്‌ ഈ വായില്‍നോക്കികള്‍ ഇതു ചെയ്ത്‌ മറിഞ്ഞ്‌ എന്റെ കാറിന്റെ അടിയില്‍ വീഴുന്നത്‌ എന്നറിഞ്ഞു കൂടാത്തതുകൊണ്ട്‌ ഞാന്‍ അവസരം കിട്ടിയപ്പോള്‍ സ്ഥലം കാലിയാക്കി. അവന്‍ മറിഞ്ഞ്‌ എന്റെ വണ്ടിയുടെ അടിയില്‍ വീഴുകയും ഞാന്‍ ആവശ്യമില്ലാതെ അടികൊള്ളുകയും ചെയ്യും.എപ്പ്പ്പോഴും കാറിന്റെ കുറ്റമാണല്ലോ

സന്തോഷ്‌ കോറോത്ത് said...

മാഷേ ... ഇതു വായിച്ചിട്ട് എന്റെ ബ്ലോഗില്‍ ഈ പോസ്റ്റിലേക്ക് ഒരു ലിങ്ക് ആഡ് ചെയ്തു... ആദ്യമേ അനുവാദം ചോദിക്കഞ്ഞതിനു ക്ഷമ .... എന്തെങ്കിലും പ്രശ്നം ഇന്ടെങ്കില്‍ പറയണേ...