Dont drink & Drive

Dont drink & Drive

Sunday, January 11, 2015

ഈ കുരുതി അവസാനിപ്പിക്കൂ

റോഡ്അപകടങ്ങൾ എങ്ങനെ കുറയ്ക്കാം എന്ന് ധാരാളം ചര്ച്ചകൾ നടക്കുന്ന സമയം ആണല്ലോ. ഇന്ന് തന്നെ ബഹുമാനപ്പെട്ട ശ്രീ രമേശ്ചെന്നിത്തലയുടെ ലേഖനവും വന്നത് സന്ദര്ഭോചിതം ആയി.

ഇത്രയൊക്കെ പേര് മരിക്കുകയും , ആയിരക്കണക്കിന് പേര്ക്ക് ഗുരുതര പരുക്കുകൾ ഉണ്ടാവുകയും ധാരാളം ഘോര ഘോര തീപ്പൊരി പ്രസംഗങ്ങൾ കേള്ക്കുകയും  ചെയ്തിട്ടും എന്ത് കൊണ്ടാണ് നമുക്ക് മാത്രം റോഡ്സുരക്ഷ വെറും ഹാസ്യം  ആകുന്നതെന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു

നമുക്ക്  വിവരം ഇല്ലാത്തതു കൊണ്ടാണോ ? വെറും  മരത്ത്തലയന്മാരാണോ മലയാളികൾ ? തലയ്ക്കകത്ത് ഒന്നും ഇല്ലേ? ഇനി അത് കൊണ്ടാണോ ഹെൽമെറ്റ്വയ്ക്കേണ്ട കാര്യം ഇല്ല എന്ന് നാം സ്വയം അങ്ങ് തീരുമാനിക്കുന്നത്? (അലമാരിയിൽ ഒന്നും ഇല്ലെങ്കിൽ പൂട്ടേണ്ട കാര്യം ഇല്ലല്ലോ ).
ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. നട്ടെല്ലുള്ള ശ്രീ ഋഷി രാജ് സിംഗ് ഉണ്ടായിരുന്നപ്പോൾ എവിടെ പോയിരുന്നു "ബുദ്ധി" ?   സമയത്ത് എല്ലാവര്ക്കും ഇതെല്ലം അനുസരിക്കാൻ അറിയാമായിരുന്നു . അപ്പോൾ അതല്ല കാര്യം. അറിഞ്ഞുകൂടാത്തത് കൊണ്ടല്ല നമ്മൾ ഇതൊക്കെ ചെയ്യാതിരിക്കുന്നത് . മനപൂർവം  വേണ്ട എന്ന് വെച്ചിട്ടു തന്നെയാണ് .
ഹെൽമെറ്റ്കക്ഷത്തിൽ വച്ചിട്ട് വീഴുമ്പോൾ തലയിൽ  വച്ചോളാം എന്ന് വിചാരിച്ചാണ് പലരും ബൈക്ക് ഓടിക്കുന്നത് എന്ന് നമുക്ക് തോന്നും .
 തലയിൽ  ഒഴിച്ച് ബാക്കി എല്ലായിടത്തും അത് തൂങ്ങി കിടക്കുന്നത് കാണാം - കക്ഷ ത്തി , കാലിന്റെ ഇടയിൽ , കൈ മുട്ടിൽ, പുറകിലത്തെ ആളിന്റെ കയ്യിൽ  എന്തിനു ബാക്കിൽ ലഗേജ് റാക്കിൽ ചങ്ങല ഇട്ടു പൂട്ടിയിട്ട് വണ്ടി ഓടിക്കുന്നവർ പോലും നമ്മുടെ ഇടയിൽ  ഉണ്ട്. സാധനം വാങ്ങിക്കാൻ ബുദ്ധി ഉണ്ടെങ്കിൽ ഇത് തലയിൽ  വച്ചാലെ ഗുണം ഉള്ളു എന്ന് മനസിലാക്കാൻ നമുക്ക് ബുദ്ധി ഇല്ലേ ?

എന്താണ് സാധാരണ നാം  കാണുന്നത് ? വലിയ കാറുകൾ , "വലിയവർ" എന്ന് സ്വയം തീരുമാനിക്കുന്നവർ  , കറങ്ങുന്ന ലൈറ്റ് , എന്തെങ്കിലും അക്ഷരങ്ങൾ എഴുതി വച്ച ബോർഡുകൾ ഇതെല്ലം റോഡിൽ കുറ്റം ചെയ്യാനും,കുറ്റം ചെയ്താൽ രക്ഷ പെടാനും ഉപയോഗിക്കുന്ന താണ് നാം ദിവസവും കാണുകയും വായിക്കുകയും ചെയ്യുന്നത്.
 ഇന്നലെ ഞാൻ ഹരിപാട് നിന്ന് തിരുവനന്തപുരത്തേക്ക് ഡ്രൈവ് ചെയ്തപ്പോൾ അപകടകരമായി ഓവർ ടെക് ചെയ്ത അനേകം വാഹനങ്ങളിൽ ഒരെണ്ണത്തിൽ  "MLA"  എന്നും വേറൊന്നിൽ "IMA Cochin" എന്നും ഉള്ള ബോർഡുകൾ ആണുണ്ടായിരുന്നത് . രണ്ടു വാഹനങ്ങളും  ഏതെങ്കിലും രക്ഷാ പ്രവര്ത്തനത്തിന് പോകുന്നതായി തോന്നിയില്ല. പിന്നെ എന്താ ഇവര്ക്ക് ഇത്ര ധൃതി എന്ന് നമുക്ക് ചോദിക്കേണ്ടി ഇരിക്കുന്നു.
 MLA  അല്ലെങ്കിൽ IMA  എന്നെഴുതിയാൽ നിയമ ലംഘനം ആകാമോ ?
ചിലപ്പോൾ  കാണാം " Chairperson   ------------- Board " എന്നുള്ള ബോര്ടും വച്ചുള്ള ചീറിപ്പാച്ചിൽ . അതിൽ പല ബോർഡുകളിലെ   പേര് കണ്ടാൽ  നാം അതിശയിക്കും "ഇതിനൊരു ബോർഡോ ? അതി നൊ രു ചെയർമാനോ ? അയാൾക്കിത്ര  ധൃതിയോ ? " എന്നൊക്കെ.

വഴിയിൽ  ഒരൊറ്റ Highway  patrol  വണ്ടി പോലും കണ്ടില്ല എന്നുള്ളതും അതിശയം തന്നെ . അത് നിർത്തിയോ എന്നെനിക്കറിയില്ല. പണ്ട്‌  അവരെ കാണുമ്പോൾ  ചിലര് എങ്കിലും ഒന്ന് സ്പീഡ് കുറയ്ക്കുമായിരുന്നു .

നമുക്കറിയാം വല്ലവനും എഴുതിക്കൊടുത്തതിനെ ഘോര ഘോരം പ്ര സംഗിക്കുന്നവർ കാറിൽ കയറി ക്കഴിഞ്ഞാൽ അവർ പറഞ്ഞതുപോലും  മറക്കും എന്നും അടുത്ത റോഡു സുരക്ഷാ മീറ്റിങ്ങിലെക്കു ചീറിപ്പാഞ്ഞു തന്നെ പോകുമെന്നും.

എന്താണ് നമുക്ക്‌  ചെയ്യാൻ പറ്റുന്നത്? എന്തിനാണ് നമ്മൾ എന്തെങ്കിലും ചെയ്യാൻ തുടങ്ങേണ്ടത് ? വല്ലവന്റെയും  പിള്ളേർ ചത്താൽ നമുക്കെന്ത് എന്നുള്ള നമ്മുടെ മനോഭാവം മാറെണ്ടതുണ്ടോ ? ഇതെല്ലാം നമുക്ക് ചിന്തിക്കേണ്ടതുണ്ട് .

ആദ്യമായി ചെയ്യേണ്ടത്, ലേഘനം എഴുതിയ ബഹുമാനപ്പെട്ട രമേശ്ചെന്നിത്തല സാർ  ഉൾപടെയുള്ള  നമ്മുടെ വലുതും ചെറുതും ആയ നേതാക്കൾ റോഡു സുരക്ഷ അവരുടെയും കൂടി  ഉത്തരവാദിത്വം  ആണെന്ന് മനസിലാക്കി  അവരുടെ വാഹനങ്ങൾക്കും  അകമ്പടി വാഹനങ്ങൾക്കും ഓവർ  സ്പീഡിനെ  കുറിച്ചും അപകടകരമായ ഓവെർ  ടെകിംഗ് നെ കുറിച്ചും  കർശന നിർദെശങ്ങൾ നല്കുകയും അവർ അത് പാലിക്കുന്നുണ്ടോയെന്ന് നോക്കുകയും ചെയ്യുക എന്നുള്ളതാണ് ."ഞാൻ പുറകിലത്തെ സീറ്റിൽ ഇരുന്നു ഫയൽ നോക്കുകയായിരുന്നു അത് കൊണ്ട് ഡ്രൈവർ സ്പീഡ് കൂടിയപ്പോൾ അറിഞ്ഞില്ല" എന്നുള്ളത്  വെറും  ഭൊഷ്കാണെന്നു പറയുന്നവര്ക്കും കേൾകുന്നവർക്കും  അറിയാം.
 "Leading  from  the  front " വളരെ അധികം ആവശ്യം ഉള്ള ഒരു  ഒരു മേഖല ആണ്  റോഡ്സുരക്ഷനിയമങ്ങൾ  അനുസരിക്കാത്ത ഒരു നേതാവിന് എങ്ങനെ അണികളുടെ അടുത്ത് നിയമങ്ങൾ  അനുസരിക്കാൻ പറയാൻ പറ്റും ? അങ്ങനെ നിയമം  അനുസരിക്കുന്ന നേതാവുള്ള കേരളത്തിലെ ഏതെങ്കിലും ഒരു പാർടിയുടെ അണികൾ മാത്രം വിചാരിച്ചാൽ പോരെ റോഡുകൾ കൂടുതൽ സുരക്ഷിതം ആവാൻ ? അതെ സമയം പുറകിലത്തെ  സീറ്റിലായാലും  സീറ്റ് ബെൽറ്റ്ഇട്ട് സമാധാനം ആയി വണ്ടി ഓടിച്ചു പാശ്ചാത്യരാജ്യങ്ങളിലെ  നേതാക്കളെപ്പോലെ പോകുന്ന ഒരു നേതാവ് പറഞ്ഞാൽ   കേൾക്കാൻ നമുക്കും ഒരു സന്തോഷം ഇല്ലേ ?

അതെ സമയം ഇപ്പോൾ ഉള്ള ഒരു  നേതാവ്  "സീറ്റ് ബെൽറ്റ്ഇടു " എന്ന് പറഞ്ഞാൽ  നമ്മുടെ മനസ്സിൽ ഉടനെ തോന്നും "ഇയാൾ  ഇടാറില്ലല്ലോ , പിന്നെന്തോന്ന് ".

ഒരു വാഹനത്തിലെ എല്ലാപേർക്കും  അപകട സാധ്യത ഒരു പോലെ ആണെന്നിരിക്കെ എന്ത് കൊണ്ടാണ് നമ്മുടെ നേതാക്കൾ എല്ലാവരും തന്നെ ബെൽറ്റ്ഇടാതെ ബാക്ക് സീറ്റിൽ ചാരിക്കിടന്നു യാത്ര ചെയ്യുന്നത്? ഡ്രൈവർ മാത്രം മരിക്കാതിരുന്നാൽ  മതിയെന്നാണോ ? ഇത് കണ്ട്സാധാരണ ജനങ്ങളും അത് പോലെ ഡ്രൈവർ മാത്രം ബെൽറ്റ്ഇട്ട് യാത്ര !

ഒരു വിധത്തിൽ  ഇത് നല്ലതാണ്  എന്നെനിക്കു തോന്നാതിരുന്നിട്ടില്ല . അല്ലെങ്കിൽ ഡ്രൈവർ മരിച്ചാൽ ആരും തിരി ഞ്ഞു നോക്കാനില്ലാതെ പാവം ഡ്രൈവറുടെ  കുടുംബം അനാഥ മാവുകയല്ലേ ചെയ്യുക. ഇതിപ്പോ കാറിന്റെ ഉടമയോ മുതലാളിയോ നേതാവോ ഒക്കെ അല്ലെ ബെൽറ്റ്ഇടാതെ അപകടത്തിൽ മരിക്കുന്നത്. അവര്ക്ക് പണത്തിന്റെ കുറവ് കാണുകയില്ലല്ലോ .

അപകട മരണങ്ങൾ കുറയ്കാനുള്ള എളുപ്പ വഴികൾ
(1) സ്പീഡ് കുറയ്ക്കുക. കുറച്ചു നേരത്തെ ഇറങ്ങുക. തിരുവനന്തപുരത്ത് നിന്ന്എറണാകുളത്തു മൂന്നു മണിക്കൂറിൽ എത്താൻ ശ്രമിച്ചാൽ എന്നെങ്കിലും ഒരിക്കൽ മോർച്ചറി യിൽ എത്തും  എന്ന് മനസിലാക്കുക.

(2)അധിക സ്പീഡും വണ്ടികളുടെ ഇടയിലേക്കുള്ള നുഴഞ്ഞു കയറ്റവും ഡ്രൈവറുടെ "കഴിവ്" അല്ല എന്ന് മനസ്സിലാകുക. 3 മണിക്കൂർ  കൊണ്ട് നിങ്ങളെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത്  എത്തിക്കാൻ അയാള് വളരെയധികം risk  എടുക്കേണ്ടി വരും എന്നും ഒരു ചെറിയ കയ്പിഴ പോലും വലിയ അപകടം ആയി മാറാം  എന്നും മനസ്സിലാകി നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങുക.

(3) വാടകയ്ക്ക് വാഹനം എടുക്കുമ്പോൾ അമിത വേഗം പാടില്ല എന്ന്  ആദ്യം തന്നെ പറയുക. ഓടിക്കുന്ന ആൾ " expert " എന്ന് ദുരഭിമാനം ഉള്ളവൻ  ആണോ എന്ന് അന്വേഷിക്കുക. അയാളുടെ കഴിവ് കാണിക്കാൻ അല്ല നമ്മൾ വാഹനം വാടകയ്ക്ക് എടുക്കുന്നത്. പൈസ കൊടുത്തു മരണം വാങ്ങാതിരിക്കുക .

(4) ഡ്രൈവർക്ക്  ഉറക്കം വരുന്നെന്നു തോന്നിയാൽ നിര്ബന്ധിച് വാഹനം നിര്ത്തുക, ഉറക്കം വരുന്നു എന്ന് പറയുന്നത് ഒരു നാണക്കേടായി കാണുന്നവർ ആണ് നമ്മുടെ മിക്ക ഡ്രൈവർ മാരും . അത് കൊണ്ട്  കോട്ടുവാ ഇടുക, കണ്ണ് തിരുമുക, ചോദ്യങ്ങളുടെ ഉത്തരം ഇഴഞ്ഞിഴഞ്ഞു  പറയുക  എന്നുള്ളവ  ഉറക്കം വരുന്നു എന്നുള്ളതിന്റെ തെളിവായിരിക്കും. നിര്ബന്ധിച്ചു തന്നെ വണ്ടി നിര്ത്തുക. നിങ്ങളുടെ ജീവൻ  ആണ് വലുത്.

10 മിനിറ്റ് വണ്ടി  നിർത്തി  വിശ്രമിക്കാൻ അനുവദിക്കുക, ഒരു ചൂട് ചായ കുടിക്കുക. ഉറക്കം പോയി ഉന്മേഷത്തോടെ അദ്ദേഹം വണ്ടി ഓടിച് നിങ്ങളെ സുരക്ഷിതം ആയി വീട്ടിൽ  എത്തിക്കും.

ഉറക്കെ പാട്ട് വച്ചാലോ, ജനൽ  തുറന്നു വച്ചാലോ ഉറക്കം പോകുകയില്ല എന്ന് മനസിലാക്കുക. അങ്ങനെ ചെയ്ത് ഉറങ്ങി ഉറങ്ങി ഓടിക്കുന്നവരെ കുറിച്ചാണ്  നാം പലപ്പോഴും അടുത്ത ദിവസത്തെ പത്രത്തിൽ  വായിക്കുന്നത്. (പത്രത്തിൽ  പേര് വന്നാൽ മതി എന്നുണ്ടെങ്കിൽ ഡ്രൈവർ ഉറങ്ങാൻ സമ്മതിക്കുക).

(5) കാർ  അപകടത്തിൽ പെട്ടാൽ ഉള്ളിലുള്ളവരെ ഒരു പരിധി വരെ സീറ്റ്ബെൽറ്റ്രക്ഷിക്കും. പക്ഷെ ബെൽറ്റ്‌  ഇട്ടാൽ മാത്രമേ ഇത് സാധിക്കു. ഡ്രൈവർ മാത്രം ബെൽറ്റ്ഇട്ടാൽ ഫൈൻ അടിക്കുകയില്ല എന്ന് ഒരു ഗുണം മാത്രം. ബാക്കി ഉള്ളവർ  ബെൽറ്റ്ഇടാതെ തെറിച്ചു പോയി കൂടുതൽ  കേടുപാടുകളും മരണവും സംഭവിക്കുന്നു.അപകടത്തിൽ മരിക്കാതിരിക്കാൻ വേണ്ടി ബെൽറ്റ്ഇടുക അല്ലാതെ ഫൈൻ കിട്ടാതിരിക്കാൻ വേണ്ടി ഡ്രൈവർ മാത്രം ബെൽറ്റ്ഇടുന്ന ഒരു "വിഡ്ഢി വണ്ടി" ആകാതിരിക്കുക. ബെൽറ്റ്ഇടാത്തവരെ കണ്ടാൽ  അവരെ ബെൽറ്റ്ഇടാൻ നിര്ബന്ധിക്കുക. കാറിനുള്ളിൽ ഒരാള് ബെൽറ്റ്ഇടാതെ  ഇരുന്നാൽ മതി അയാൾ തെറിച്ചു വന്നു നിങ്ങളുടെ തലയിലോ മറ്റൊ ഇടിച്ച്  നിങ്ങള്ക്ക് മരണം സംഭവിക്കാൻ.

(6) പുതിയ മുന്തിയ വാഹനങ്ങൾക്കും  അപകട സാധ്യത ഉണ്ടെന്നു മനസിലാക്കുക. നല്ല ബ്രേക്ക്, നല്ല ടയർ, ഭംഗി ഇതൊന്നും അപകട സാധ്യത കുറയ്ക്കുന്നില്ല . ഇന്ത്യയിൽ  വന്നിട്ട് വളരെക്കാലമായില്ലെങ്കിലും വാഹനങ്ങൾ എല്ലാം വർഷങ്ങൾ ആയി ഓടുന്ന പാശ്ചാത്യ രാജ്യങ്ങളിൽ മിക്കവാറും എല്ലാവരും തന്നെ നിയമങ്ങൾ  അനുസരിക്കുന്നവർ ആണെന്ന് മനസിലാക്കുക. വാഹനങ്ങൾ ഇഷ്ടം പോലെ ഓടിച്ചാലും കുഴപ്പമില്ലെങ്കിൽ അവർ സൂക്ഷിച്ച് ഓടിക്കുമായിരുന്നോ എന്ന് ഒരു നിമിഷം ചിന്തിക്കുക. അവരുടെ നല്ല റോഡുകളിൽ ചീറിപ്പാ യാൻ സുഖം ആണെന്നുള്ളപ്പോൾ അവർ നിയമം  അനുസരിക്കുന്നത് നമ്മളെക്കാൾ അവർ പേടിത്തോണ്ടാന്മാർ  ആയതുകൊണ്ടല്ല ,മറിച്ച് അങ്ങനെ ചെയ്തിലെങ്കിൽ ഉള്ള അപകട സാധ്യതകളെ കുറിച്ച്  അവർ ബോധവാന്മാർ ആയതുകൊണ്ട് മാത്രമാണ് .

(7) ധൈര്യം കാണിക്കണം എന്നുള്ളവർ പട്ടാളത്തിൽ ചേരാൻ പറയുക. രാജ്യരക്ഷക്ക് ഇത് പോലെ ധൈര്യം ഉള്ളവരെ ആവശ്യം ഉണ്ട്.റോഡിൽ പരാക്രമം  കാണിച്ചു നമ്മുടെ ജീവനും കൂടി ഭീഷണി ആണ്   വായിൽ നോക്കികൾ .

ഓര്മിക്കുക. റോഡ്സുരക്ഷ നമ്മുടെ ഒരോരുത്ത രുടേയും  അവകാശം മാത്രമല്ല ചുമതലയും കൂടി ആണ്. ചുമ്മാ  റോഡിനെയും മറ്റുള്ള യാത്രക്കാരെയും കുറ്റം പറയാതെ നാം ഓരോരുത്തരും നിയമങ്ങൾ  അനുസരിക്കാൻ തുടങ്ങിയാൽ അത് കണ്ടു തന്നെ മറ്റുള്ളവരും സാവധാനം അനുസരിക്കാൻ തുടങ്ങും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല.

നിര്ബന്ധമായും ഹെൽമെറ്റ്ധരിക്കുക.

നിര്ബന്ധമായും കാറിനുള്ളിൽ എല്ലാവരും സീറ്റ് ബെൽറ്റ്ഇടുക.

സ്പീഡ് ലിമിറ്റ് അനുസരിക്കുക.

ഇതെല്ലാം നടക്കും. പക്ഷെ ആരെങ്കിലും ഒന്ന് തുടങ്ങണം. എന്നാലെ  ഇവിടുത്തെ റോഡുകളിലെ കുരുതി അവസാനിക്കു.









Friday, February 18, 2011

സ്കൂള്‍ വാന്‍ മറിഞ്ഞു

സ്കൂള്‍ വാന്‍ പാര്‍വതി പുത്ത്തനാരിലെയ്ക്ക് മറിഞ്ഞു.

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു "ദുഖിക്കാന്‍" നമുക്ക് മറ്റൊരു അപകടവും കൂടി കിട്ടി. പെപ്പരുകാര്‍ക്കും, ചാനെലുകള്‍ക്കും ,രാഷ്ട്രീയക്കാര്‍ക്കും സന്തോഷം ! കൊച്ചു കുഞ്ഞുങ്ങളെ കുത്തിനിറച്ചു ചീറിപ്പായുന്ന ആട്ടോകളും ,വീലുള്ള സവപ്പെട്ടി എന്ന് പറയാവുന്ന വാനുകളും കാണാത്ത മട്ടില്‍ നാം നടക്കാന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി. അലറി വിളിച്ചു കരയുന്ന കുടുംബത്തിന്റെ കൂടെ നിന്ന് ഫോട്ടം പിടിക്കാനുള്ള തത്രപ്പാടും ടി വിയില്‍ മുഖം കാണിക്കാനുള്ള ആക്രാന്തവും കണ്ടാല്‍ ലജ്ജ തോന്നും . ഓരോ അപകടവും കഴിയുമ്പോള്‍ ഖോരഖോര മായ കുറെ പ്രസംഗങ്ങള്‍ . തീര്‍ന്നു. ഇനി നമുക്ക് അടുത്ത അപകടം വരുമ്പോള്‍ കാണാം. പുതിയ നിയമം കൊണ്ടുവരും എന്നൊരു പെടിപ്പെടുത്തല്‍. മുതലാളിമാര്‍ പൈസ വാരി എറിയുന്നു. നിയമം അകാല്‍ ചരമം അടയുന്നു. ഈ വണ്ടി ഓടിക്കുന്നവന്‍ എന്തെങ്കിലും മുന്‍പരിചയം ഉള്ളവന്‍ ആണോ എന്നൊക്കെ നോക്കാന്‍ ആര്‍ക്കു സമയം ? ഇങ്ങനത്തെ വണ്ടികളെ പിടിക്കാന്‍ പോലീസിനു യാതൊരു താല്‍പര്യവും ഇല്ലേ?

Saturday, July 5, 2008

നട്ടെല്ലില്ലാത്തവന്മാരുടെ നാട്‌.




എത്രയെത്ര മരണങ്ങള്‍, എത്രയെത്ര തകര്‍ന്ന കുടുംബങ്ങള്‍.ഇന്നലത്തെ മരണപ്പാച്ചിലിന്റെ രക്തസാക്ഷി- വിഷ്ണുമായ എന്ന പെണ്‍കുട്ടി.









സ്പീഡിലോടിക്കുന്നവന്മാരെ പിടിക്കാന്‍ പോലീസില്ലേ?പിടിച്ചാല്‍ വിടാതിരിക്കാന്‍ വകുപ്പുകളില്ലേ?അവന്റെ ലൈസന്‍സ്‌ എന്നെന്നേയ്ക്കുമായി റദ്ദാക്കാന്‍ നട്ടെല്ലുള്ള ഒരുത്തനും ഇവിടില്ലേ?

അവനെ വണ്ടിയോടിക്കാന്‍ "പഠിപ്പിച്ച" സാറിനെയും, അവനു ലൈസന്‍സ്‌ നല്‍കാന്‍ മുന്‍കൈ എടുത്ത സാറിനെയും ഒന്നു "കാണാന്‍" ഇവിടെ ആരുമില്ലേ?

കഴിഞ്ഞ തവണ ആരെയോ ഇടിച്ചു വീഴ്ത്തിയപ്പോള്‍ നാട്ടുകാര്‍ അവന്‌ "കൊലയാളി ബസ്‌" എന്ന് പേരിട്ടുവത്രേ. അന്ന് അവന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ നട്ടെല്ലുള്ള ആരും ആ നാട്ടില്‍ ഇല്ലായിരുന്നോ?
ഇടിച്ചിട്ട ബസിന്റെ ഉടമസ്ഥന്റെ വീട്ടിലോട്ടൊന്നു ചെന്ന് അവന്റെ മുതലക്കണ്ണീര്‍ (അതെങ്കിലും കാണുമായിരിക്കും)തുടച്ചിട്ട്‌, "എടാ ----മോനേ, നിന്റെ ബസ്‌ എന്താടേ വീണ്ടും വീണ്ടും ആള്‍ക്കാരെ ഇടിച്ചിടുന്നത്‌" എന്നൊന്നു ചോദിക്കാന്‍ ഇവിടുത്തെ "സാംസ്കാരിക" നായകന്മാരില്ലേ ?

കോട്ടകൊത്തളങ്ങള്‍ക്കകത്തിരുന്ന് നാടിനെ ഭരിക്കുന്നതായി അഭിനയിക്കുന്ന ജനനായകന്മാരില്‍ ഒരുത്തനെങ്കിലും ഇതിനെതിരേ എന്തെങ്കിലും ചെയ്യാനുള്ള നട്ടെല്ല് ഇല്ലേ?

അതോ ഇതൊക്കെ ഇങ്ങനെ നടക്കട്ടെ, നമ്മുടെ ആള്‍ക്കാര്‍ക്കൊന്നും പറ്റുന്നില്ലല്ലോ എന്നും പറഞ്ഞിരിക്കുകയാണോ.
കഷ്ടം!
നട്ടെല്ലില്ലാത്തവന്മാരുടെ നാട്‌ !!!!

Sunday, May 18, 2008

തിരൂരിന്റെ ശാപം.

ഈയിടെ ഓഫീസ്‌ കാര്യത്തിനായി തിരൂരില്‍ പോയി.കുറച്ചു ദിവസം നില്‍ക്കേണ്ടി വന്നു. നല്ല ഒരു സ്ഥലം. വളരെ ഇഷ്ടപ്പെട്ടു. പക്ഷേ.......

അവിടെ ചീറിപ്പാഞ്ഞു നടക്കുന്ന മണല്‍ ലോറികള്‍ ഒരു ശാപം തന്നെയാണ്‌. മിക്കതും കള്ള വണ്ടികള്‍.പോലീസ്‌ പിടിക്കാതിരിക്കാനും അടുത്ത റ്റ്രിപ്പ്‌ അടിക്കാനും വേണ്ടി നടത്തുന്ന മരണപ്പാച്ചില്‍ കണ്ട്‌ കണ്ണു തള്ളിപ്പോയി.

"ഇടിച്ചു തെറിപ്പിച്ചിട്ടിട്ടു പൊയ്ക്കോളാനാ പറഞ്ഞിരിക്കുന്നത്‌. ബാക്കി കാര്യം നോക്കാന്‍ ആളുണ്ട്‌"- ബസ്‌ കാത്തു നില്‍ക്കുന്നതിനിടയില്‍ പരിചയപ്പെട്ട നാട്ടുകാരന്‍.

അതിനു നിങ്ങള്‍ക്ക്‌ പ്രശ്നമില്ലേ? നിങ്ങളെ ഇടിച്ചിട്ടാലോ ?

നമ്മള്‍ എന്ത്‌ ചെയ്യാനാ. ഇതൊരു വലിയ മാഫിയായുടെ കയ്യിലാ.

ഇടയ്ക്കൊരു സുഹൃത്തിന്റെ കാര്‍ ഒന്ന് ഓടിച്ച്‌ ഒരു സ്ഥലം വരെ പോകേണ്ടി വന്നപ്പോള്‍ മനസ്സിലായി. അവിടുത്തെ സ്ഥിതിയുടെ ഭീകര രൂപം.

കഷ്ടിച്ച്‌ രണ്ടു വണ്ടികള്‍ക്ക്‌ (അങ്ങോട്ടും ഇങ്ങോട്ടും ആയി) പോകാനുള്ള വീതിയുള്ള റോഡില്‍ എന്റെ alto യുടെ പുറകേ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വന്ന് മുഴുവന്‍ സമയവും ഹോണ്‍ മുഴക്കി ,ലൈറ്റും തെളിച്ച്‌ ഏതാണ്ട്‌ 5 മിനിറ്റോളം എന്റെ കുടുംബത്തെ മുഴുവന്‍ അരക്ഷിതാവസ്ഥയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഒഴിഞ്ഞ മണല്‍ ലോറി.

അവനെ മുന്നില്‍ കേറ്റിവിടാന്‍ മാര്‍ഗമില്ലാതെ (വശങ്ങളില്‍ കുറച്ച്‌ താന്ന റോഡ്‌)പകച്ചിരിക്കുന്ന ഞാന്‍.

കാര്‍ ഓടിക്കാന്‍ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ 24 കൊല്ലം ആയതുകൊണ്ടുള്ള മനക്കരുത്ത്‌ കൊണ്ടുമാത്രമാണ്‌ ഞങ്ങള്‍ രക്ഷപ്പെട്ടത്‌ എന്നു വേണമെങ്കില്‍ പറയാം.

എവിടെയോ വച്ച്‌ സ്ഥലമില്ലെങ്കിലും ഞെരുങ്ങിക്കയറി എന്റെ മുന്നില്‍ ക്കടന്നിട്ട്‌ നിന്നെപ്പിന്നെ ക്കണ്ടോളാം എന്നൊ മറ്റോ പറഞ്ഞിട്ട്‌ അവന്മാര്‍ പോയി.

അത്‌ ഒഴിഞ്ഞ മണല്‍ ലോറി ആണത്രെ. അവനു മുന്നില്‍ ആരും കടന്നു കൂടത്രെ.

"ഒഴിഞ്ഞ ലോറി കൂടുതല്‍ അപകടം" എന്ന് എന്റെ സുഹൃത്ത്‌ .

തിരൂരു കാരോട്‌ എനിക്ക്‌ സഹതാപം തോന്നുന്നു. ഇത്‌ ദിവസവും അനുഭവിച്ച്‌ ഇത്‌ ജീവിതത്തിന്റെ (മരണത്തിന്റെയും) ഒരു ഭാഗമായിട്ടും നിങ്ങള്‍ ഒന്നനങ്ങുന്നില്ലല്ലോ. എന്തിനീ മരണപ്പാച്ചില്‍ ജീവിതത്തിന്റെ ഭാഗമായിക്കാണൂന്നു?. ഇതു നിങ്ങളുടെ നാടിന്റെ ശാപം തന്നെയാണ്‌. അവിടെ വേറെ ഒരു കുഴപ്പവും തോന്നിയില്ല. വളരെ സഹായമനസ്കരായുള്ള നാട്ടുകാര്‍.

എന്തേ നിങ്ങള്‍ ഇത്‌ ഇങ്ങനെ തുടരാന്‍ അനുവദിക്കുന്നു?

Thursday, March 27, 2008

നമ്മള്‍ ജയിച്ചു തുടങ്ങിയിരിക്കുന്നു.

നമ്മള്‍ ജയിച്ചു തുടങ്ങിയിരിക്കുന്നു.അതെ, ഒരു സന്തോഷ വാര്‍ത്ത.2006ഇല്‍ ഉണ്ടായിരുന്നതിനെക്കാളും 5000 കുറവാണ്‌ 2007 ല്‍ കേരളത്തില്‍ ബൈക്കില്‍ നിന്നു വീണ്‌ Head injury ആയി അഡ്മിറ്റ്‌ ചെയ്തവരുടെ എണ്ണം.

കുറേ അധികം പേരുടെ അശ്രാന്ത പരിശ്രമവും നട്ടെല്ലുള്ള ചില പൊലീസ്‌ ഓഫീസര്‍മാരുടെ (Ernakulam, calicut ) {support ഉം കാരണം 5000 പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.

90 ശതമാനത്തില്‍ക്കൂടുതല്‍പേരും ഹെല്‍മെറ്റ്‌ വയ്ക്കുന്ന എറണാകുളവും ,കോഴിക്കോടും നമുക്ക്‌ മാതൃകയായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ പേരെ രക്ഷിക്കാമായിരുന്നു.

എന്തു ചെയ്യാം നമ്മുടെ മാതൃക എന്നു പറയുന്നത്‌ 20 ശതമാനം പേര്‍ മാത്രം ഹെല്‍മെറ്റ്‌ ഉപയോഗിക്കുന്ന തിരോന്തരം ആയിപ്പോയി.

എല്ലാ ജില്ലകളും കൂടിക്കൂട്ടുമ്പോള്‍ വെറും 30 ശതമാനത്തില്‍ താഴെയാണ്‌ ഹെല്‍മെറ്റ്‌ ഉപയോഗിക്കുന്നത്‌.അങ്ങനെ നോക്കുമ്പോള്‍ 30 ശതമാനം മാത്രം ഹെല്‍മെറ്റ്‌ വച്ചിട്ടും 5000 പേര്‍ രക്ഷപ്പെട്ടു. കേരളമൊട്ടുക്ക്‌ 90 ശതമാനമായിരുന്നെങ്കിലോ????

Thursday, March 13, 2008

മറ്റൊരു കുടുംബം കൂടി

മറ്റൊരു കുടുംബം കൂടി ഇല്ലാതായി.

രാവിലെയുള്ള ഡ്രൈവിംഗ്‌ അപകടകരമാണെന്നും എത്ര പരിചയമുള്ള ഡ്രൈവറായാലും ചിലപ്പോള്‍ ഉറങ്ങിപ്പോകുമെന്നും ഇനിയെന്നാ നാം പഠിക്കുന്നത്‌?പത്രത്തിലെ പടം കണ്ടാല്‍ അറിയാം ആ കാര്‍ വിട്ടു വരികയായിരുന്നു എന്ന് അത്രയ്ക്ക്‌ തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്‌. വെറും ഒരു ambassador ആയിട്ടു പോലും ഇത്രയും സ്പീഡില്‍ പോകാന്‍ പറ്റി.

ഇനിയിപ്പം ആവശ്യത്തിലേറെ കാശും ആവശ്യത്തില്‍ക്കുറവു വിവരവും ഉള്ളവനെല്ലാം മണിക്കൂറില്‍ 300 കിമി പായാന്‍ കെല്‍പ്പുള്ള ഫെറാരിയും വാങ്ങി ഇവിടൊക്കെ കറങ്ങി നടക്കും. പിടിക്കാന്‍ ആളില്ല, പിടിച്ചാല്‍ വിടീയ്ക്കാനും വാദിയെ പ്രതിയാക്കാനും ആളുണ്ടു താനും. ആനന്ദലബ്ധിക്കിനിയെന്തു വേണം?

international നിലവാരമുള്ള റോഡുകളും, അതേ നിലവാരമുള്ള ഡ്രൈവിംഗ്‌ സ്കൂളുകളും പൊലീസും,സംസ്കാരമുള്ള ആള്‍ക്കാരും വരുന്നതുവരെ ഇങ്ങനത്തെ കാറുകള്‍ കേരളത്തിലെങ്കിലും ഇറക്കുമതി ചെയ്യാനോ ഉപയോഗിക്കാനോ പാടില്ല എന്നൊരു നിയമം കൊണ്ടുവരാന്‍ നട്ടെല്ലുള്ള ആരെങ്കിലും ഇവിടുണ്ടോ?
ഇല്ലെങ്കില്‍ ഇതും ഇതില്‍ അപ്പുറവും ഇവിടെ നടക്കാന്‍ പോകുന്നതേ ഉള്ളു.

ഇവിടെ light അണയ്ക്കൂ എന്നു മുറവിളി കൂട്ടാന്‍ സൂപ്പര്‍ താരങ്ങള്‍ ഓടി നടക്കുന്നു. ഒന്നു പതുക്കെ ഓടിയ്ക്കൂ എന്നു പറയാന്‍ ഒരു വായില്‍നോക്കിയും ഇല്ല. എങ്ങനെ പറയും? അവരില്‍ പലരും 100 ലും 120 ലും ആണല്ലോ പറന്നു നടക്കുന്നത്‌.

Saturday, February 16, 2008

അച്ഛനും മകനും

ഇപ്പ്പ്പോള്‍ നടന്നത്‌.

ഞാന്‍ റ്റ്രാഫ്ഫിക്‌ സിഗ്നല്‍ മാറാന്‍ ആയി കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.എന്റെ തൊട്ടു മുന്നില്‍ ഒരു അച്ഛനും മകനും ബൈക്കില്‍ ഹെല്‍മെറ്റും ഒന്നും ഇല്ലാതെ. നല്ല രീതിയില്‍ വസ്ത്രം ധരിച്ച്‌ രാവിലെ റ്റ്യൂഷനു പോകുകയാണെന്ന് തോന്നുന്നു.

സിഗ്നല്‍ മാറുന്നതിനു മുന്‍പു തന്നെ അവര്‍ കടന്നു പോയി.പച്ച ലൈറ്റിന്റെ ബലത്തില്‍ കടന്നു പൊയ്ക്കോണ്ടിരുന്ന ഒരു കാറില്‍ നിന്ന് നീട്ടി ഒരു ഹോണ്‍. ആ ചെറുക്കന്‍ തിരിഞ്ഞ്‌ അപ്പോഴും കാത്തുനില്‍ക്കുന്ന ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട്‌ മുന്നോട്ട്‌.

ലൈറ്റ്‌ മാറി ഞാന്‍ മുന്നോട്ടു പോയി. അതാ നില്‍ക്കുന്നു മില്‍മ ബൂത്തിന്റെ മുന്നില്‍ അഛനും മകനും.

വിടരുതല്ലോ.

"സാര്‍ എന്താ ഇപ്പം കാണിച്ചേ. ചുവന്ന ലൈറ്റ്‌ കണ്ടാല്‍ പോകരുതെന്ന് അറിഞ്ഞുകൂടേ"

അതിന്‌ തനിക്കെന്തു വേണം?

"എനിക്കൊന്നും വേണ്ട ആ കാര്‍ ഇടിക്കാതെ പോയത്‌ സാറിന്റെ ഭാഗ്യം. പാല്‍കവര്‍ തീര്‍ന്നു പോകും എന്നു വിചാരിച്ചാണോ ഈ വെപ്രാളം കാണിച്ചേ?"

എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം.നിങ്ങള്‍ പോണം."

"സാറെ ഇതു കണ്ടു പഠിച്ച സാറിന്റെ മോന്‍ എന്നെങ്കിലും ഇതുപോലെ ഓടിക്കുമ്പോഴായിരിക്കും എതിരെ വരുന്ന വണ്ടി ഇടിച്ചു ചതച്ചിട്ടിട്ടു പോകുന്നത്‌. അപ്പോഴും ഇതു തന്നെ പറയുമോ?"

അതു കുറിക്കു കൊണ്ടു.

അല്‍പം ക്രൂരമായിപ്പോയി എന്നെനിക്കറിയാം പക്ഷേ അടുത്ത തവണ ഇതുപോലെ ചെയ്യുന്നതിനു മുന്‍പ്‌ അദ്ദേഹം ഒന്നറയ്ക്കും എന്നെനിക്കു തോന്നുന്നു.